അധികൃതര്‍ കാണണം: ദുരിതക്കൂട്ടിലെ ഈ ജീവിതം
കൊയിലാണ്ടി: കിടന്നുറങ്ങാന്‍ സ്വന്തമായി കിടപ്പാടമില്ലാത്ത ഒരമ്മയെയും മകളെയും എ.പി.എല്‍ കാര്‍ഡുകാരാക്കിയ റേഷന്‍ അധികൃതരുടെ കണ്ടെത്തല്‍ ആശ്ചര്യമാകുന്നു. കൊയിലാണ്ടി തീരദേശത്ത് വിരുന്ന്കണ്ടി പറമ്പില്‍ വിനോദിനിയും മകള്‍ പ്രിയങ്കയുമാണ് തകര്‍ന്ന് വീഴാറായ ഓലപ്പുരയില്‍ എ.പി.എലുകാരായി ജീവിക്കുന്നത്.
വിധവയായ വിനോദിനിയമ്മയുടെ ഏക മകള്‍ പ്രിയങ്ക വിവാഹിതയാണങ്കിലും ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. ജീവിച്ച് പോവാന്‍ വരുമാനവും ആണ്‍തുണയുമില്ലാത്ത ഈ കുടുംബം പരസഹായത്താലാണ് കഴിഞ്ഞ് പോവുന്നത്.
നഗരസഭയും സന്നദ്ധ സംഘടനകളും വീട് നിര്‍മിച്ച് നല്‍കുന്നതിന് ഒരുക്കമാണെങ്കിലും തീരദേശ നിയമമായ സി.ആര്‍.സെഡ് കാരണം കെട്ടിട നിര്‍മാണത്തിന് അനുമതി കിട്ടാത്തത് ഇവര്‍ക്ക് ഇരുട്ടടിയാവുകയാണ്.
കൂനിന്‍മേല്‍ കുരു പോലെ ഈ കുടുംബത്തിന് ലഭിച്ച എ.പി.എല്‍ കാര്‍ഡ് സര്‍ക്കാര്‍ സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും മുടക്കുന്നു. അഞ്ചക്ക ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ ബി.പി.എല്‍ കാര്‍ഡുകാരായി സഹായങ്ങള്‍പറ്റി കഴിഞ്ഞ് കൂടുന്ന ഒരു നാട്ടിലാണ് ആണ്‍തുണയും വരുമാനവുമില്ലാതെ വിധവയായ അമ്മയും രോഗിയായ മകളും ജീവച്ചവമായി ജീവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."