'അക്ഷരവീഥി' നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കഴക്കൂട്ടം: വിശ്രമത്തിനും കലാപ്രവര്‍ത്തനത്തിനും ഒപ്പം സൗഹൃദ കൂടിചേരലുകള്‍ക്കുമൊക്കെയായി പുതിയൊരിടം ഒരുങ്ങുന്നു. തലസ്ഥാന നഗരിയിലെ മാനവീയം വീഥി മാതൃകയില്‍ ഐ.ടി നഗരമായ കഴക്കൂട്ടത്ത് 'അക്ഷര വീഥി' ഒരുങ്ങുന്നു. ആറ് മാസം കൊണ്ട് പൂര്‍ത്തിയാകുന്ന രാജ്യാന്തര നിലവാരമുള്ള പദ്ധതി അമ്പലത്തിന്‍ കര നിന്നും കേരള സര്‍വ്വകലാശാല കാര്യം വട്ടം കാമ്പസിന് സമീപത്ത് കൂടി ടെക്‌നോപാര്‍ക്കിന്റെ കിഴക്കേകവാടം വരെയുള്ള അക്ഷരവീഥിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കമായി.
കലയും വിഞ്ജാനവും വിനോദവും സമ്മേളിക്കുന്ന സാംസ്‌ക്കാരിക വേദിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഈ ബൃഹത്തായ പദ്ധതിക്ക് പൊതുമരാമത്ത് അഞ്ച് കോടിയാണ് ചിലവിടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മേയര്‍ വി.കെ പ്രശാന്തിന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ചെടികളാല്‍ ചുറ്റപ്പെട്ട മനോഹര വീഥിയും മിനി പാര്‍ക്കും നടപ്പാതയുമാണു വരാന്‍ പോകുന്ന അക്ഷരവിധിയുടെ പ്രധാന ആകര്‍ഷകം. കാര്യവട്ടം കാംപസിലെയും ടെക്‌നോപാര്‍ക്കിലെയും കലാസാംസ്‌കാരിക കൂട്ടായമകളുടെ നേതൃത്വത്തില്‍ തെരുവു നാടകങ്ങള്‍ ,പ്രദര്‍ശനങ്ങള്‍, കലാമേളകള്‍ എന്നിവയും അക്ഷര വീഥിയില്‍ പുതുമ വരുത്തും.കാര്യവട്ടത്തു നിന്നാരംഭിച്ചു തൃപ്പാദപുരം വഴി അരശുംമൂട് വരെയാണു വീഥിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ടെക്‌നോപാര്‍ക്ക് രണ്ടാം ഗേറ്റ് വരെയുള്ള ഭാഗത്തിനാണു കൂടുതല്‍ പരിഗണന.
ഈ ഭാഗം പ്രത്യേക രീതിയില്‍ മോടിപിടിപ്പിക്കും. ബാക്കി വരുന്ന രണ്ടു കിലോ മീറ്റര്‍ ബി.എം ആന്‍ഡ് ബി.സി സാങ്കേതിക വിദ്യയില്‍ പുതുക്കി പണിയും. സാംസ്്കാരിക ഇടനാഴിയായി മാറുന്ന ഒരു കിലോമീറ്ററില്‍ ഒന്‍പതു മീറ്റര്‍ വീതിയില്‍ രണ്ടു വരി പാതയും ഇരുവശങ്ങളില്‍ ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിക്കും.
ആദ്യഘട്ടം ഈ ഭാഗത്തെ കേബിളുകള്‍ ഭൂമിക്കടിയിലേക്കു മാറ്റും.നടപാതയില്‍ ടൈല്‍സ് പാകുന്നതിനൊപ്പം ഇരിപ്പിടങ്ങളും ഒരുക്കും. വനിത ഹോസ്്റ്റലടക്കമുള്ള സര്‍വകലാശാല സ്ഥാപനങ്ങളുടെ മതില്‍ ഉയര്‍ത്തി അവിടെ ചിത്രങ്ങള്‍ വരയ്്ക്കും. ചിത്രമതിലുകള്‍ ഒരുക്കാന്‍ വിദ്യാര്‍ഥികളുടെയും കലാകാരന്‍മാരുടെയും സഹായം തേടും.പരിപാലനത്തിനും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും ടെക്‌നോപാര്‍ക്കിന്റെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ക്കും എത്തിചേരാന്‍ സൗകര്യമായ ഇടമാണു ഈ സ്ഥലം. ഇതിന് അനുബന്ധമായികാര്യവട്ടം മുതല്‍ തൃപ്പാദപുരം വരെയുള്ള റോഡ് പൂര്‍ണമായും നവീകരിക്കുന്നതിനും നടപടി ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."