പ്ലാസ്റ്റിക് ഫ്രീ ആകാനൊരുങ്ങി ടൂറിസം മേഖല; ധാരണാപത്രത്തില്‍ ഒപ്പിട്ടു
229 താമസ യൂനിറ്റുകള്‍ പ്ലാസ്റ്റിക് ഒഴിവാക്കും
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല പ്ലാസ്റ്റിക്കിനോട് 'നോ' പറയുന്നു. മേഖലയിലെ 229 താമസ യൂനിറ്റുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിട്ടു. തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് ട്രേ, ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ക്ലിങ് ഫിലിം, തെര്‍മോകോള്‍, പ്ലാസ്റ്റിക് ബൗള്‍സ്, പ്ലാസ്റ്റിക് ഫ്‌ളാഗ്‌സ്, ഫുഡ് പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്‌സ്, പി.വി.സി ഫ്‌ളെക്‌സ് മെറ്റീരിയല്‍സ്, പാര്‍സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ എന്നിങ്ങനെ 19 ഇനം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ധാരണാപത്രമാണ് ടൂറിസം മിഷന്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ രൂപേഷ് കുമാറിന് സംരംഭങ്ങളുടെ ഉടമകള്‍ ഒപ്പിട്ട് കൈമാറിയത്.
ഇതുസരിച്ച് 229 താമസ യൂനിറ്റുകളിലായി 3000 മുറികളാണ് പ്ലാസ്റ്റിക് മുക്തമാകുന്നത്. കുമരകത്തെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രഖ്യാപനത്തിന്റെ ഭാഗമായി. 20 ഹൗസ് ബോട്ടുകളും ധാരണാപത്രത്തില്‍ ഒപ്പിട്ടു. കോട്ടയം ജില്ലയില്‍ 40, എറണാകുളം 15, കാസര്‍കോട് 20, ഇടുക്കി 32, വയനാട് 38, കോഴിക്കോട് 32, ആലപ്പുഴ 15, തൃശൂര്‍ 5, കൊല്ലം 10, തിരുവനന്തപുരം 12, മലപ്പുറം 6 എന്നിങ്ങനെയണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി കുമരകത്തെ 2020 ജനുവരിയില്‍ പ്രഖ്യാപിക്കാനാകുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."