കേരള പൊലിസില്‍ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല: ഇര്‍ഫാന്‍ ഹബീബ്
കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊലിസില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടികളാണ് ഉണ്ടായതെന്ന് പ്രമുഖ ചരിത്രകാരനും അലിഗഡ് സര്‍വകലാശാലാ എമിരറ്റസ് പ്രൊഫസറുമായ ഇര്‍ഫാന്‍ ഹബീബ്. താന്‍ മുന്‍പ് പലവട്ടവും ഇവിടെ വന്നിട്ടുണ്ട്.
എന്നാല്‍, ഇതുപോലെയുള്ള അനുഭവം പൊലിസില്‍ നിന്നു മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സുപ്രഭാതത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
അവര്‍ എന്തിനിങ്ങനെ ചെയ്തുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനു ഗവര്‍ണര്‍ വരുന്നതുവരെ തങ്ങള്‍ക്ക് ഒന്നും തുടങ്ങാന്‍ സാധിച്ചിരുന്നില്ല. കാരണം പൊലിസ് എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.
'നിങ്ങള്‍ പുറത്ത് പോയിക്കൊള്ളൂ, എന്നിട്ട് ഗവര്‍ണര്‍ക്കൊപ്പം അകത്തേക്കു വന്നോളൂ' എന്നായിരുന്നു പൊലിസ് ഞങ്ങളോട് പറഞ്ഞത്. അദ്ദേഹത്തോടൊപ്പം ഒന്നും ചെയ്യാനില്ലെന്ന മറുപടിയും അപ്പോള്‍ താന്‍ നല്‍കി.
എന്തുകൊണ്ടോ, അവര്‍ തന്നെയും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ സെക്രട്ടറിയെയും ബാരിക്കേഡ് തുറന്ന് സദസിനരികിലേക്കു കടത്തിവിട്ടു.
വാസ്തവത്തില്‍ മുഴുവന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും കടത്തിവിടുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.
പിന്നീടു നോക്കുമ്പോള്‍ വേദിയില്‍ ഗവര്‍ണര്‍ക്കായി വലിയൊരു കസേരയുണ്ടായിരുന്നു. അതൊരിക്കലും അദ്ദേഹം ഉപവിഷ്ടനാകാന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. വേദിയിലെ പ്രധാന ഇരിപ്പിടം ചരിത്ര കോണ്‍ഗ്രസിന്റെ അധ്യക്ഷന് അവകാശപ്പെട്ടതായിരുന്നു. ആ മര്യാദയും നിഷേധിക്കപ്പെട്ടു.
2016ല്‍ തിരുവനന്തപുരത്ത് നടന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി എത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെല്ലാം വേദിയില്‍ ഉണ്ടായിരുന്നു. ഒരു പൊലിസുകാരന്‍ പോലും അവിടെ ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ തന്നെയായിരുന്നു അന്നു നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ഇത്തവണ ഞങ്ങളോടു പോലും ചോദിക്കാതെ എല്ലാ നിയന്ത്രണവും പൊലിസ് ഏറ്റെടുക്കുകയായിരുന്നു.
അവര്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഹാളിനെ നാലായി വേര്‍തിരിച്ചു. അങ്ങനെ ഒരു പ്രതിനിധിക്കു മറ്റൊരു പ്രതിനിധിയെ ശരിക്കു കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായെന്നും ചരിത്ര കോണ്‍ഗ്രസിനുശേഷം നാട്ടിലേക്കു മടങ്ങുംമുന്‍പ് ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."