ക്വിറ്റ് ഇന്ത്യ
ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ് ആദ്യമായി ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ 'ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുന്നതാണ് പിന്നീട് കണ്ടത്. 1942 ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തു നടന്ന പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നുകേട്ടത്.
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റില്‍ ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ഛോഡോ ആന്തോളന്‍ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം).
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറില്‍ വാര്‍ധയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനെതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസാക്കി. പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ നിരസിക്കുകയാണു ചെയ്തത്.
ക്വിറ്റ് ഇന്ത്യ പ്രമേയം
1942 ഓഗസ്റ്റ് എട്ടിനു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമെന്ന് ഈ പ്രമേയം മുന്നറിയിപ്പു നല്‍കി. എന്നാല്‍ തീരുമാനത്തോട് എതിര്‍പ്പു പ്രകടിപ്പിച്ച് സി. രാജഗോപാലാചാരി രംഗത്തുവന്നു.
ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ ആസാദ് എന്നിവര്‍ ഈ തീരുമാനത്തെ എതിര്‍പ്പോടെ അംഗീകരിക്കുകയായിരുന്നു. അതേസമയം ഗാന്ധിജിയുടെ നേതൃത്വത്തെ പ്രത്യക്ഷമായി എതിര്‍ക്കാന്‍ ഇവര്‍ താല്‍പര്യപ്പെട്ടില്ല. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ്, ജയപ്രകാശ് നാരായണ്‍ എന്നിവര്‍ തീരുമാനത്തെ പിന്തുണച്ചിരുന്നു.
'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'
ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യന്‍ ജനതയുടെ മനഃസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായി അതേ വേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുക്കുകയായിരുന്നു.
അക്രമരഹിതമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഓഗസ്റ്റ് എട്ടിനു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്തു നടത്തിയ 'ഡൂ ഓര്‍ ഡൈ' (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍ പ്രതിഫലിച്ചു.
(പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാന്‍ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ പിറ്റേദിവസം സര്‍ക്കാര്‍ തുറുങ്കിലടച്ചു.
അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ 'അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ ആക്രമണങ്ങള്‍ നടന്നു. പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനിന്നു. അക്രമത്തിന്റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ക്കുകയായിരുന്നു.
ഗാന്ധിജിയുടെ നിരാഹാര സമരം
സമരത്തെ തുടര്‍ന്ന് അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. 1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ക്ക് തോല്‍വി വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. അഹിംസാ മാര്‍ഗത്തില്‍ മുന്നോട്ടു പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശസ്‌നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ'.
വിഫലമായ ഒത്തുതീര്‍പ്പ് ശ്രമം
ഗാന്ധിജിയുടെ നിരാഹാര സമരവും രാജ്യത്താകെ നടന്ന അക്രമസംഭവങ്ങളും ബ്രിട്ടീഷുകാരെ അസ്വസ്ഥരാക്കി. തുടര്‍ന്ന് ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ ക്രിപ്‌സ് കമ്മിഷനെ ഇന്ത്യയിലേക്കയക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ സ്വയംഭരണത്തിനായി ഒരു നിശ്ചിത കാലയളവ് നിര്‍ണയിക്കാനോ ഏതെല്ലാം അധികാരങ്ങള്‍ കൈയൊഴിയും എന്നു വ്യക്തമായി നിര്‍വചിക്കാനോ ഈ കമ്മിഷനു കഴിഞ്ഞില്ല. കമ്മിഷന്‍ നല്‍കാന്‍ തയാറായ പരിമിത ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നതിനാല്‍ കമ്മിഷന്‍ സമ്പൂര്‍ണ പരാജയമായിരുന്നു.
പ്രതികാരവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍
രാജ്യത്താകെ അലയടിച്ച ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. ദേശീയ പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പൊലിസും പട്ടാളവും മര്‍ദനം അഴിച്ചുവിട്ടു.
പലയിടങ്ങളിലുമായി 538 പ്രാവശ്യം വെടിവയ്പ് നടത്തി. പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടി കൊണ്ടടിച്ചു വീഴ്ത്തി. ഒരു ലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്തു വലിയ പിഴ ചുമത്തി. നഷ്ടങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് കുറ്റപത്രവും തയാറാക്കി.
സംഭവത്തില്‍ 25000ത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. എങ്കിലും സമരത്തിന്റെ അനന്തരഫലങ്ങള്‍ സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള മുറവിളികള്‍ക്ക് ആക്കംകൂട്ടി. ബ്രിട്ടീഷ് സര്‍ക്കാരിന് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഈ സമരം നിര്‍ബന്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി 1945 ജൂണില്‍ മഹാത്മാ ഗാന്ധിയെയും മറ്റു ദേശീയ നേതാക്കളെയും വിട്ടയച്ചു.
പ്രത്യക്ഷത്തില്‍ പരാജയപ്പെട്ട സമരം എന്നു തോന്നുമെങ്കിലും രാജ്യത്തില്‍ നിന്നൊഴിഞ്ഞു പോകാന്‍ സമയമായി എന്ന ചിന്ത ബ്രിട്ടീഷ് അധികാര കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ സമരത്തിനു കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."