മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു
മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറം വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മൂന്നാംഘട്ട വികസന പദ്ധതിക്ക് തുടക്കമായത്. വികസനം പൂര്‍ത്തിയാകുന്നതോടെ പള്ളിയില്‍ 16 ലക്ഷം പേര്‍ക്ക് ഒന്നിച്ച് നമസ്‌കരിക്കാന്‍ ഇതുവഴി സാധിക്കും. തീര്‍ഥാടകര്‍ നിറയുന്നതോടെ താനേ അടയുന്ന കവാടങ്ങളും പുതിയ പദ്ധതിയിലുണ്ട്. പ്രവൃത്തി തുടങ്ങിയതോടെ കിങ് അബ്ദുല്‍ അസീസ് കവാടം അടച്ചു. കവാടം അടച്ചതോടെ സമീപത്തെ മറ്റു കവാടങ്ങളിലേക്ക് വിശ്വാസികളെ തിരിച്ചുവിടുകയാണ്.
എത്രയും വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മശ്ഹൂര്‍ അല്‍മുന്‍അമി പറഞ്ഞു. മൂന്നാമത് സഊദി വികസന പദ്ധതി ഭാഗത്ത് അടിയിലെ നിലയില്‍ മാത്രം 78 കവാടങ്ങളുണ്ട്. വികസന ഭാഗത്തെ മെയിന്‍ ഗെയ്റ്റ് റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. മൂന്നു കവാടങ്ങള്‍ അടങ്ങിയതാണ് ഈ ഗെയ്റ്റ്. ഇതോടെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഹറമിനുള്ളില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാവും. നിലവിലുള്ള കവാടങ്ങളുടെ എണ്ണം ഉയര്‍ത്താനും പദ്ധതിയുണ്ട്. തീര്‍ഥാടകര്‍ നിറയുന്നതോടെ കവാടങ്ങള്‍ താനേ അടയും. 4524 പുതിയ സൗണ്ട് ബോക്‌സുകള്‍, അഗ്‌നിശമന സംവിധാനങ്ങള്‍, 6,635 നിരീക്ഷണ കാമറകള്‍, തനിയേ പൊടി വലിച്ചെടുക്കുന്ന ശുചീകരണ സംവിധാനങ്ങള്‍, അത്യാധുനിക മെക്കാനിക്കല്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ആണ് തീര്‍ത്ഥാടകര്‍ക്കായി ഒരുങ്ങുന്നത്.
മൂന്നാമത് വികസന ഭാഗത്തെ കെട്ടിടം മൂന്നു നിലകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ആകെ 3,20,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ഭാഗത്ത് ഒരേ സമയം മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കുന്നതിന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."