എസ്.ബി.ഐയുടെ പകല്‍ക്കൊള്ള; ഉപഭോക്താക്കള്‍ ദുരിതത്തില്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായി അറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ പണം പിഴിയുന്നതിലും മുന്‍പന്തിയില്‍. സ്വകാര്യ ബാങ്കുകളെ പോലും നാണിപ്പിക്കുന്ന വിധമാണ് എസ്.ബി.ഐ തങ്ങളുടെ ഉപഭോക്താക്കളുടെ പണം ചോര്‍ത്തുന്നത്. നല്‍കുന്ന സേവനത്തിന് ചാര്‍ജ് നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവ് മറയാക്കിയാണ് എസ്.ബി.ഐ പകല്‍ക്കൊള്ള നടത്തുന്നത്.
മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ 2017-18 സാമ്പത്തിക വര്‍ഷം 2400 കോടി രൂപയാണ് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍നിന്ന് ബാങ്ക് പിടിച്ചെടുത്തത്. മാസത്തില്‍ മൂന്നുതവണ മാത്രമേ എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ സൗജന്യമായി പണം നിക്ഷേപിക്കാന്‍ കഴിയൂ. മൂന്നുതവണ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 50 രൂപയും ജി.എസ്.ടിയും നല്‍കണം. എന്നാല്‍ ഇതേക്കുറിച്ച് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പൊന്നും എസ്.ബി.ഐ നല്‍കാറില്ല. കൂടാതെ എ.ടി.എം കൗണ്ടര്‍ മാസത്തില്‍ അഞ്ചുതവണ മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ. അതിനുശേഷം ഓരോ ഇടപാടിനും 20 രൂപ ചാര്‍ജ് ഈടാക്കും.
ഇത്രയേറെ ദുരിതങ്ങള്‍ ഉപഭോക്താവിന് നല്‍കുന്ന ബാങ്കിനെ ബഹിഷ്‌കരിക്കാന്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടക്കുമ്പോഴും തങ്ങളുടെ അക്കൗണ്ട് പിന്‍വലിക്കാന്‍ സാധിക്കാത്ത നിരവധിയാളുകളുണ്ട്. കുട്ടികളുടെ സ്‌കോളര്‍ഷിപ്പ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ എസ്.ബി.ഐ അക്കൗണ്ട് വേണം.
ഇ.എസ്.ഐയുള്ള തൊഴിലാളിക്ക് മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റും ഇ.എസ്.ഐ അവധിയെടുക്കുന്ന സമയത്തെ ശമ്പളവും ലഭിക്കണമെങ്കില്‍ എസ്.ബി.ഐ അക്കൗണ്ട് ഉണ്ടായിരിക്കണം. മറ്റു ബാങ്കുകളുടെ അക്കൗണ്ട് ഇതിനു സ്വീകരിക്കില്ല. ഇതോടെ ആനുകൂല്യങ്ങള്‍ക്ക് മാത്രമായി അക്കൗണ്ട് എടുക്കേണ്ട അവസ്ഥയിലാണ് ജനം. ഇത്തരം നിബന്ധനകള്‍ ഉള്ളതിനാല്‍ തങ്ങളുടെ അക്കൗണ്ട് ഉപഭോക്താക്കള്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമായി അറിയാവുന്നതിനാലാണ് വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും സര്‍വിസ് ചാര്‍ജുകളില്‍ കുറവ് വരുത്താന്‍ എസ്.ബി.ഐ തയാറാകാത്തതെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."