വിധി തുലാസില്‍
പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് മുന്‍തൂക്കം. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് കൈയിലിരിക്കെ ആസ്‌ത്രേലിയ 175 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. നാലാംദിനമായ ഇന്ന് ആസ്‌ത്രേലിയയെ മികച്ച ബൗളിങ്ങില്‍ പിടിച്ചുകെട്ടിയാല്‍ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാം.
ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ 283 റണ്‍സിന് പുറത്താക്കി ബാറ്റിങ് തുടര്‍ന്ന ആതിഥേയര്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ 42 റണ്‍സ് ഉള്‍പ്പെടെയാണ് ഓസ്‌ട്രേലിയ 175 റണ്‍സിന്റെ ലീഡ് നേടിയത്. 41 റണ്‍സെടുത്ത് ഉസ്മാന്‍ ഖവാജയും എട്ട് റണ്‍സെടുത്ത് ക്യാപ്റ്റന്‍ ടിം പെയ്‌നുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ ആസ്‌ത്രേലിയക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മാര്‍ക്കസ് ഹാരിസ് (20), ആരോണ്‍ ഫിഞ്ച് (25) എന്നിവര്‍ ഓസീസ് സ്‌കോര്‍ 50 കടത്തി. പക്ഷേ 17ാം ഓവറിന്റെ രണ്ടാം പന്തില്‍ ബുമ്ര ഹാരിസിനെ പവലിയനിലേക്കയച്ചു. തൊട്ടുപിന്നാലെ വിരലിന് പരുക്കേറ്റ് ആരോണ്‍ ഫിഞ്ച് മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. റിട്ടയര്‍ഡ് ഹര്‍ട്ടായ താരത്തെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇന്ന് ബാറ്റിങ്ങിന് ഇറങ്ങും. പിന്നീട് ഉസ്മാന്‍ ഖവാജയുടെ ഊഴമായിരുന്നു. ആദ്യ ടെസ്റ്റില്‍ നിറംമങ്ങിയ പ്രകടനം കാഴ്ചവച്ച ഉസ്മാന്‍ ഖവാജ പെര്‍ത്തില്‍ കരുതലോടെയാണ് ബാറ്റ് വീശുന്നത്. ഇന്ത്യന്‍ പേസ് ആക്രമണത്തെ അതിജീവിച്ച ഖവാജ 102 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളോടെയാണ് 41 റണ്‍സ് നേടിയത്. ഇതിനിടെ ഷോണ്‍ മാര്‍ഷ് (5), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (13), ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി.
നേരത്തെ മൂന്നിന് 172 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം കളി ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രഹാനെയെ നഷ്ടപ്പെട്ടു. 51 റണ്‍സെടുത്ത രഹാനെയെ നഥാന്‍ ലിയോണാണ് മടക്കിയത്. ശേഷമെത്തിയ ഹനുമ വിഹാരിയെ (20) കൂട്ടുപിടിച്ച് കോഹ്‌ലി (123) തന്റെ 25ാം സെഞ്ചുറി നേടി. 257 പന്തുകള്‍ നേരിട്ട് 13 ഫോറുകളും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലി സെഞ്ചുറിയിലെത്തിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് ആണ് കോഹ്‌ലിയെ പിടികൂടിയത്. പന്ത് നിലത്ത് മുട്ടിയെന്ന സംശയത്തെ തുടര്‍ന്ന് തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് കൈമാറിയെങ്കിലും റീപ്ലേയില്‍ പന്ത് നിലത്ത് മുട്ടിയില്ലെന്ന് കണ്ടതിനാല്‍ അമ്പയര്‍ ഔട്ട് വിളിച്ചു. ഈ സെഞ്ചുറിയോടെ ആസ്‌ത്രേലിയക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളില്‍ മൂന്നാമതാവാനും കോഹ്‌ലിക്ക് കഴിഞ്ഞു. ആസ്‌ത്രേലിയക്കെതിരേ ഏഴാമത്തെ സെഞ്ചുറിയാണ് കോഹ്‌ലി ഇന്നലെ പെര്‍ത്തില്‍ നേടിയത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാമതായി. 127 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. 67 ഇന്നിങ്‌സുകളില്‍ നിന്ന് 25 സെഞ്ചുറികള്‍ നേടിയ ബ്രാഡ്മാന്‍ ആണ് കോഹ്‌ലിക്ക് മുന്‍പില്‍.
വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കെ വിഹാരിയെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിച്ച് ഹെയ്‌സല്‍വുഡ് ആസ്‌ത്രേലിയക്ക് മറ്റൊരു ബ്രേക്ക് കൂടി നല്‍കി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്തായതോടെ ഇന്ത്യയുടെ ലീഡ് നേടാമെന്ന സ്വപ്നം അസ്തമിച്ചു. റണ്‍സെടുക്കും മുന്‍പ് മുഹമ്മദ് ഷമിയും പവലിയനിലെത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ സ്പിന്നര്‍ ലിയോണിന് വിക്കറ്റ് നല്‍കിയാണ് ഷമി മടങ്ങിയത്. പിന്നാലെ ഇഷാന്ത് ശര്‍മയും ഋഷഭ് പന്തും മടങ്ങി.
ആക്രമിച്ചു കളിച്ച ഋഷഭ് പന്ത് 50 പന്തില്‍ 36 റണ്‍സെടുത്താണ് പുറത്തായത്. ലിയോണിന്റെ പിന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ക്യാച്ചെടുത്തത്. ഇതോടെ ഓസീസിന്റെ സ്‌കോറിനൊപ്പമെത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. അവസാന ബാറ്റ്‌സ്മാനായി ക്രീസിലെത്തിയ ജസ്പ്രീത് ബുമ്രയെയും പുറത്താക്കി നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റ് തികച്ചു. സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയാണ് ക്യാച്ചെടുത്തത്.
നാലു റണ്‍സാണ് ബുമ്രയുടെ സ്‌കോര്‍. മറുവശത്ത് ഉമേഷ് യാദവ് 4 റണ്‍സുമായി പുറത്താകാതെനിന്നു. ആസ്‌ത്രേലിയക്കായി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ലിയോണിന്റെ പ്രകടനമാണ് ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ടു വിക്കറ്റ് വീതമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."