റാഫേല്‍: വീണ്ടും പ്രതിക്കൂട്ടിലാകുന്ന മോദി സര്‍ക്കാര്‍
റാഫേല്‍ ഇടപാടു സംബന്ധിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളിയിട്ടും അതുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുകയാണ്. സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂല വിധി നേടിയെടുത്തതെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചതിനു തൊട്ടുപിറകെ അതു ശരിവയ്ക്കുന്ന തരത്തിലുള്ള ഹരജിയുമായി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയില്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹരജി. ഈ തിരുത്തലാവട്ടെ കോടതിവിധിയിലേക്കു നയിച്ച സുപ്രധാന കാര്യങ്ങളിലുമാണ്. ഇതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തൊക്കെയോ കള്ളക്കളികള്‍ നടന്നു എന്ന സംശയം പൊതുസമൂഹത്തില്‍ ബലപ്പെടുകയാണ്.
കോടികളുടെ അഴിമതി ആരോപണമുയര്‍ന്ന റാഫേല്‍ ഇടപാടിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യമില്ലെന്നാണ് ഈ ആവശ്യമുന്നയിച്ചു സമര്‍പ്പിക്കപ്പെട്ട ഹരജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം സുപ്രിംകോടതി വിധിച്ചത്. കേസില്‍ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും നടപടിക്രമങ്ങളില്‍ വിശദമായ അന്വേഷണം വേണ്ടെന്നും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിധിക്കുകയുണ്ടായി. റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപണത്തിന്റെ കരിനിഴലിലായ നരേന്ദ്രമോദി സര്‍ക്കാരിനുള്ള ക്ലീന്‍ചിറ്റായി ഇതു വിലയിരുത്തപ്പെട്ടു. സര്‍ക്കാരിനെതിരേ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന വ്യാജ ആരോപണമാണിതെന്ന വാദവുമുണ്ടായി.
എന്നാല്‍, കോടതി വിധിയുടെ പേരില്‍ ഭരണപക്ഷത്തിന്റെ ആഹ്ലാദാരവങ്ങള്‍ ഉയര്‍ന്നയുടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിവാദമാകുകയായിരുന്നു. ഇടപാടിനെക്കുറിച്ചു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) പരിശോധിച്ചു റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും ഇതു പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) പരിശോധിച്ചെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതു രണ്ടും അസത്യമാണ്. റിപ്പോര്‍ട്ട് തയാറാകുന്നതേയുള്ളൂവെന്നും ജനുവരിയില്‍ പൂര്‍ത്തിയാകുമെന്നും സി.എ.ജി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഇല്ലാത്തൊരു റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചിട്ടില്ലെന്ന് പി.എ.സി അധ്യക്ഷനും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കളിച്ച കള്ളക്കളി പുറത്തുവരികയായിരുന്നു.
പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളി ചൂണ്ടിക്കാണിച്ചയുടന്‍ തന്നെ സത്യവാങ്മൂലം തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയാണുണ്ടായത്. സി.എ.ജി റിപ്പോര്‍ട്ട് തയാറായെന്നും ഈ റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചു എന്നുമുള്ള സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ തിരുത്തണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെറ്റുപറ്റിയതാണെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും കോടതിയെ തെറ്റിദ്ധരിപ്പിക്കുക തന്നെയാണ് ചെയ്തതെന്ന് വ്യക്തമാകുകയാണ് ഈ ഹരജിയിലൂടെ. വിധിക്കിടയാക്കിയത് സത്യവാങ്മൂലത്തിലെ തെറ്റായ ഈ വിവരങ്ങളാണെന്നും ഏറെക്കുറെ ഉറപ്പാണ്. സി.എ.ജിയും പി.എ.സിയും പരിശോധിച്ചൊരു വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുന്നതു സ്വാഭാവികം. ഈ തെറ്റായ വിവരം നല്‍കിയിരുന്നില്ലെങ്കില്‍ വിധി കേന്ദ്രസര്‍ക്കാരിന് എതിരായി മാറുമായിരുന്നെന്ന് ന്യായമായും കരുതാവുന്നതാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റവും അധികാരദുര്‍വിനിയോഗവുമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെയാണ് മോദി സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഭരണഘടനാ വ്യവസ്ഥകളും കോടതിവിധികളും പാലിക്കുകയും നടപ്പാക്കുകയും ചെയ്യാന്‍ ബാധ്യസ്ഥരായ ഭരണകൂടം ഇങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം തന്നെ ഇതുവഴി മോദി സര്‍ക്കാരിനു നഷ്ടപ്പെട്ടിരിക്കുകയാണ്.
കോടതി പോലെ തന്നെയുള്ള ഭരണഘടനാനുസൃത സ്ഥാപനങ്ങളാണ് സി.എ.ജിയും പി.എ.സിയും. രണ്ടിന്റെയും കണ്ടെത്തലുകള്‍ക്ക് നിയമാനുസൃതമായി തന്നെ ഏറെ പ്രാധാന്യമുണ്ട്. ഈ സ്ഥാപനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തന്നെ വ്യാജ വിവരം കോടതിയില്‍ സമര്‍പ്പിക്കുന്നതും ഗുരുതരമായ തെറ്റാണ്. ഒരു തെറ്റിനെ മൂടിവയ്ക്കാന്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍ എന്നു വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണിവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന ബി.ജെ.പി സര്‍ക്കാരിന്റെ രീതി ഈ കേസിലും തുടര്‍ന്നു എന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്. സ്വന്തം അഴിമതി മൂടിവയ്ക്കാന്‍ അധികാര ദുര്‍വിനിയോഗത്തിന്റെ ഏതറ്റം വരെ പോകാനും മോദി സര്‍ക്കാരിനു മടിയില്ലെന്നു വെളിപ്പെടുത്തുക കൂടിയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യക്കേസ് കൊടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമടക്കമുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ രംഗത്തുവന്നിട്ടുമുണ്ട്. റാഫേല്‍ കേസില്‍ മോദി സര്‍ക്കാരിനെ വിടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം എത്തിനില്‍ക്കുന്നത്. ഈ പ്രതിപക്ഷ ധര്‍മം അവര്‍ നിര്‍വഹിക്കുക തന്നെ വേണം. ഏറെ കനപ്പെട്ട ഈ അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍ കയറണം. അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവരണം. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പൊതുഖജനാവ് കട്ടുമുടിക്കുന്നവരെ ഭരണഘടനാ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."