മകന്റെ തിരോധാനം; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവിന്റെ പരാതി
കയ്പമംഗലം: ഏക മകന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് എസ്.പിക്കും എം.എല്‍.എക്കും പരാതി നല്‍കി.
ചെന്ത്രാപ്പിന്നി സ്വദേശി കോതപറമ്പില്‍ അബ്ദുല്‍ ഖാദറാണ് പരാതി നല്‍കിയത്. ഇയാളുടെ മകന്‍ സലീമിനെ 2014 ജനുവരി രണ്ടിന് കോയമ്പത്തൂര്‍ വിളാംകുറിച്ചി റോഡില്‍ ചേരന്‍ മഹാനഗര്‍ നാലാം സ്റ്റോപ്പില്‍ ജോണ്‍ മാത്തന്‍ എന്നൊരാള്‍ ബിസിനസ് കാര്യങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയിരുന്നുവത്രേ. തുടര്‍ന്ന് ഇടക്കിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
അഞ്ചു മാസത്തിനു ശേഷം മെയ് 26ന് ദുബൈയില്‍ നിന്ന് വിളിച്ച സലിം ഒരു മാസത്തിനകം നാട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍ന്ന് ഇയാളെ കുറിച്ച് വിവരം ഇല്ലാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് മതിലകം സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം ജോണ്‍ മാത്തന്റെ കോയമ്പത്തൂരിലെ താമസ സ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇയാളുടെ ഭാര്യയും മകളും ഊട്ടിയില്‍ താമസിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞിട്ടും പൊലിസ് തുടരന്വേഷണം നടത്തിയില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. സ്വര്‍ണ ബിസിനസുമായി ബന്ധപ്പെട്ടാണ് മകനെ ജോണ്‍മാത്തന്‍ കൂട്ടിക്കൊണ്ടു പോയതെങ്കിലും ഏതെങ്കിലും സംഘടനകള്‍ മകനെ മറ്റു രാജ്യങ്ങളിലേക്ക് കടത്തിയതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."