സ്ത്രീകള്‍ക്ക് ഐ.ടി മേഖലയില്‍ ശോഭിക്കാനാകില്ലെന്ന് ഗൂഗിള്‍
സാന്‍ഫ്രാന്‍സിസ്‌കോ: ഐ.ടി രംഗത്ത് സ്ത്രീകള്‍ക്ക് ശോഭിക്കാന്‍ അവരുടെ ശാരീരിക,മാനസിക പ്രത്യേകതകള്‍ മൂലം കഴിയില്ലെന്ന് ഗൂഗിളിലെ മുതിര്‍ന്ന സോഫ്റ്റ്്‌വെയര്‍ എന്‍ജിനിയര്‍. ഗൂഗിള്‍ ലിംഗ,വര്‍ണ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനു വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് എന്‍ജിനിയറുടെ വിമര്‍ശനം. ലിംഗ സമത്വത്തിനു എതിരായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരേ ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്.
എന്‍ജിനീയറുടെ കുറിപ്പിനെ കുറിച്ച് ഗൂഗിളിലും വിവാദം തലപൊക്കി. 'സാങ്കേതിക രംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന് കാരണം ജോലിസ്ഥലത്തെ പക്ഷപാതിത്വമോ വിവേചനമോ അല്ല. ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക പ്രത്യേകതകളാണ്. അതിനെ ലിംഗവിവേചനം എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം'.' ഗൂഗിള്‍സ് ഐഡിയോളജിക്കല്‍ എക്കോ ചേമ്പര്‍' എന്ന് പേരിട്ടിരിക്കുന്ന കുറിപ്പില്‍ അദ്ദേഹം പറയുന്നു.
സ്ത്രീകള്‍ക്ക് നല്ലത് സാമൂഹ്യരംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്നും പേരുവെളിപ്പെടുത്താത്ത ഈ ഗൂഗിള്‍ എന്‍ജിനീയര്‍ അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. പത്ത് പേജുകളുള്ള കുറിപ്പാണ് പുറത്തുവന്നത്.
കുറിപ്പ് വാര്‍ത്തയായതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഗൂഗിളിന്റെ ഡൈവേഴ്‌സിറ്റി ഇന്റഗ്രിറ്റി ആന്റ് ഗവേണന്‍സിന്റെ പുതിയ മേധാവി ഡാനിയേല്‍ ബ്രൗണ്‍ വിശദീകരണവുമായി രംഗത്തെത്തി.
'സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഗൂഗിളില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ലിംഗനീതിയെ കുറിച്ച് തെറ്റായ നിരീക്ഷണമാണ് വിവാദമായ കുറിപ്പിലുള്ളത്. ഈ കുറിപ്പ് ഒരിക്കലും ഗൂഗിളിന്റെ ഔദ്യോഗിക അഭിപ്രായമോ നിലപാടോ അല്ല.
വൈവിധ്യവും ഐക്യവും ഗൂഗിള്‍ പിന്തുടരുന്ന മൂല്യങ്ങളുടെ പ്രധാന ഘടകങ്ങളാണ്. അത് തന്നെയാണ് സ്ഥാപനത്തിന്റെ വിജയത്തിനാധാരവും. അതുകൊണ്ടു തന്നെ നാനാത്വത്തിനും ഐക്യത്തിനും വേണ്ടി ഗൂഗിള്‍ നിലകൊള്ളുകയും അത് തുടരുകയും ചെയ്യും'.ഡാനിയേല്‍ ബ്രൗണിന്റെ പ്രതികരണ കുറിപ്പില്‍ പറയുന്നു.
ഗൂഗിളില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ശമ്പളവിതരണത്തിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും.
ഈ വിഷയത്തില്‍ ഗൂഗിള്‍ നിയമലംഘനം നടക്കുന്നുണ്ടെന്നുമുള്ള അമേരിക്കന്‍ തൊഴില്‍ വകുപ്പിന്റെ കണ്ടെത്തല്‍ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ അന്ന് ഗൂഗിള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."