'എം പാനലുകാര്‍ ഇന്നുമുതല്‍ ജോലിയില്‍ ഉണ്ടാകരുത് '
കൊച്ചി: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തിന് കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എം പാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എന്ത് അവകാശമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി ആരാഞ്ഞു. ഒരു എം പാനല്‍ ജീവനക്കാരനും ഇന്നു മുതല്‍ ജോലിയില്‍ ഉണ്ടാകരുത്. ജനങ്ങളെയും കോടതിയെയും വിഡ്ഢികളാക്കരുത്. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.
എം പാനലുകാരെ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം ഇന്ന് രാവിലെ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തിരിക്കുന്നവരെ മാറ്റാനുള്ള നടപടി സ്വീകരിക്കും. എം പാനലുകാരെ എന്ത് അടിസ്ഥാനത്തിലാണ് തുടരാന്‍ അനുവദിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിക്കുന്നതെന്തിനാണ്. പരീക്ഷയെഴുതി വിജയിച്ചവരെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. കോടതിയുടെ കരങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശക്തമാണെന്നത് ഓര്‍ക്കണം. മാധ്യമങ്ങള്‍ ഇവിടെയുണ്ടെന്നും ബോധപൂര്‍വമാണ് കാര്യങ്ങള്‍ പറയുന്നതെന്നും കോടതി വ്യക്തമാക്കി.
നിങ്ങള്‍ സമയം നീട്ടിക്കൊണ്ടുപോകുകയാണ്. ഒരാഴ്ചക്കകം എം പാനലുകാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തുകയാണെന്നും കോടതി വ്യക്തമാക്കി. പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് കഴിഞ്ഞ ഡിസംബര്‍ ആറിനാണ് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 14ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴും കോടതി നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കാത്തത് ഹരജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനമുന്നയിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം.ഡി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."