പീഡനക്കേസുകളിലെ ഇരകള്‍ക്ക് ധനസഹായം വിതരണം ചെയ്യണമെന്ന്
കോഴിക്കോട്: അതിക്രമം തടയല്‍ കേസുകളില്‍ ഇരകള്‍ക്ക് യഥാസമയം ധനസഹായം വിതരണം ചെയ്യണമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍. എഫ്.ഐ.ആറിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ധനസഹായ വിതരണത്തിനു കാലതാമസമുണ്ടാകുന്ന അവസ്ഥയുണ്ടെന്നും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം അതതു വകുപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പട്ടികജാതിക്കാര്‍ക്കായുള്ള കേന്ദ്ര, സംസ്ഥാന ഫണ്ട് വിനിയോഗം സംബന്ധിച്ച് വിശകലനം ചെയ്യുന്നതിനായി ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലുത്താന്‍കടവ് കോളനിയില്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കി അര്‍ഹരായ ഭവനരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനു കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ചക്കിലിയ സമുദായക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍, പഞ്ചായത്ത് അസി. ഡയരക്ടര്‍ എ.വി അബ്ദുല്‍ ലത്തീഫ്, ലീഡ് ബാങ്ക് ഓഫിസര്‍ കെ. ഭാസ്‌കരന്‍, ലേബര്‍ ഓഫിസര്‍ വി.പി രാജന്‍, എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ. ഷൈലേഷ്, എസ്.സി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ജെ മൈക്കിള്‍, നോര്‍ത്ത് എ.സി.പി ഇ.പി പൃത്വിരാജ്, സൗത്ത് എ.സി.പി ഷാജി വര്‍ഗീസ്, ഡി.സി.പി കെ.എം ടോമി, ഡിവൈ.എസ്.പി എം. സുബൈര്‍, പി.ഡി ഫിലിപ്പ്, പി.എ അസീസ്, രാജഗോപാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."