വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത സംഭവം ജാനകിയെ കൊടുങ്ങല്ലൂര്‍ പൊലിസ് ചോദ്യം ചെയ്തു
പയ്യന്നൂര്‍: വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് തൃച്ഛംബരത്തെ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കാന്‍ കൊടുങ്ങല്ലൂര്‍ പൊലിസ് കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തി.
കേസിലെ പ്രതികളായ പയ്യന്നൂരിലെ അഭിഭാഷക കെ.വി ശൈലജയും ഭര്‍ത്താവ് പി.കൃഷ്ണകുമാറും ബാലകൃഷ്ണനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് കൊണ്ടുവരും വഴിയാണ് കൊടുങ്ങല്ലൂരില്‍ വച്ച് മരണപ്പെട്ടത്.
മൃതദേഹം ബന്ധുക്കളെ കാണിക്കാതെ സംസ്‌കരിച്ചതിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തെയും കൊടുങ്ങല്ലൂരിലെയും ആശുപത്രികളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലിസ് മേധാവിക്ക് കൈമാറിയിരുന്നു.
ഈ രേഖകള്‍ ജില്ലാ പൊലിസ് മേധാവി തൃശൂര്‍ റൂറല്‍ എസ്.പിക്ക് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിനായാണ് കൊടുങ്ങല്ലൂര്‍ എ.എസ്.ഐ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിലെത്തിയത്.
ബാലകൃഷ്ണന്റെ ഭാര്യയെന്ന് അവകാശപ്പെട്ട, അഭിഭാഷക കെ.വി ശൈലജയുടെ സഹോദരികൂടിയായ കെ.വി ജാനകിയെ രാമന്തളിയിലെ സഹോദരന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് ജാനകി അന്വേഷണ സംഘത്തോട് നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം അഡ്വ. കെ.വി ശൈലജയുടെ വീടിന് നേരെയുണ്ടായ അക്രമണത്തില്‍ ശൈലജയുടെ മകള്‍ നീതുകൃഷ്ണകുമാറിന്റെ പരാതിയില്‍ വധശ്രമത്തിനും വീട് തകര്‍ത്തതിനും നാശനഷ്ടം വരുത്തിയതിനും എട്ട് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."