രജിസ്ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍
ഫറോക്ക്: രജിസ്ട്രേഷന് ഡിപാര്‍ട്ട്മെന്റിന്റെ സെര്‍വര്‍ തകരാറിലായതിനാല്‍ ജില്ലയിലെ രജിസ്ട്രേഷന് ഓഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. ശനിയാഴ്ച മുതല്‍ തുടങ്ങിയ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ഓഫിസിലെത്തുന്നവര്‍ സേവനം കിട്ടാതെ മടങ്ങുകയാണ്. ആധാരം രജിസ്ട്രേഷന്, കുടിക്കടം പകര്‍ത്തല്‍, ആധാരം പകര്‍പ്പ് എന്നിവയുടെ നടപടിക്രമങ്ങളെല്ലാം മുടങ്ങി.
ആധാരം രജിസ്ട്രേഷന് ഓണ്‍ലൈനായി ബുക്ക് ചെയ്ത് ടോക്കണ്‍ എടുത്ത് നിശ്ചിത സമയത്ത് രജിസ്ട്രേഷനായി എത്തുന്നവര്‍ തകരാര്‍ കാരണം മണിക്കൂറുകളോളമാണ് കാത്തു നില്‍ക്കേണ്ടി വരുന്നത്. ശനിയാഴ്ച രാവിലെ വന്ന് വൈകീട്ടു വരെ കാത്തു നിന്നിട്ടും പലര്‍ക്കും സേവനം ലഭിക്കാതെ മടങ്ങേണ്ടി വന്നത് പലസ്ഥലങ്ങളിലും പ്രതിഷേധത്തിനിടയാക്കി.
ഇന്നലെ രാവിലെ സെര്‍വര്‍ പ്രവര്‍ത്തിച്ചെങ്കിലും ഉച്ചയോടെ വീണ്ടും തകരാറിലാവുകയായിരുന്നു. പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുളള വെബ്സൈറ്റും തകരാറിലാണ്.
രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റിന്റെ അലംഭാവം കാരണം കോടികളുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."