അരമണിക്കൂര്‍ കൊണ്ട് രാജ്യത്തെ തകര്‍ത്ത പ്രധാനമന്ത്രിയാണ് മോദി: സി.പി ജോണ്‍
കോഴിക്കോട്: അര മണിക്കൂര്‍ കൊണ്ട് രാജ്യത്തെ തകര്‍ത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും 2019ല്‍ മോദി സര്‍ക്കാരിനെ പരാജയപ്പെടുത്തേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബാധ്യതയാണെന്നും സി.എം.പി (സി.പി ജോണ്‍ വിഭാഗം) സംസ്ഥാന ജന. സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു. സി.എം.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊര്‍ധ്വശ്വാസം വലിക്കുന്നവന്റെ പോക്കറ്റടിക്കുന്ന സര്‍ക്കാരാണ് മോദിയുടേത്. നോട്ടുനിരോധനത്തിലൂടെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി. മോദിയുടെ നയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണു പിണറായി.
ആര്.എസ്.എസിന്റെ രാഷ്ട്രീയം ജാതിയിലധിഷ്ഠിതമാണ്. മോദി ആദ്യം തകര്‍ക്കാന്‍ തുടങ്ങിയത് ദലിതരെയാണ്. ആ ദലിതരും ആദിവാസികളും ചേര്‍ന്നാണ് രാജസ്ഥാനിലും ഛത്തിസ്ഗഡിലും മോദിക്ക് തിരിച്ചടി നല്‍കിയത്. പുതുതായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് പിണറായിയുടേത്. ക്രിയാത്മകമായ ഒരു പ്രതിപക്ഷമാണ് യു.ഡി.എഫ് എന്നും സി.പി ജോണ്‍ കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്മാന് ജി. നാരായണന്‍കുട്ടി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.എ കുര്യന്, സി.എ അജീര്‍, എ. നിസാര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അഷ്റഫ് മണക്കടവ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."