അക്രമങ്ങളെ മുഖ്യമന്ത്രി ലഘൂകരിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: അക്രമങ്ങളെ തുടര്‍ന്ന് തലസ്ഥാന നഗരം ഭീതിയില്‍ നിന്ന് ഇപ്പോഴും മോചിതമായിട്ടില്ലെന്നും എന്നിട്ടും പ്രശ്നങ്ങളെ മുഖ്യമന്ത്രി ലഘൂകരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കെ. മുരളീധരന് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി നിരാശാജനകമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും ഗുണ്ടകളെ തീറ്റിപ്പോറ്റുന്നതാണ് അക്രമങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണം. പരസ്പര സഹകരണത്തോടെ നടത്തുന്ന ഏര്‍പ്പാടാണോ എന്നും സംശയമുണ്ട്. ദേശീയ നേതൃത്വം വരെ ഉള്‍പെട്ട മെഡിക്കല്‍ കോഴ സംഭവത്തില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പിയും ഭരണപരാജയത്തില്‍ അകപ്പെട്ടു നില്ക്കുന്ന സി.പി.എമ്മും അക്രമം അഴിച്ചുവിടുന്നത് അണികള്‍ പാര്‍ട്ടി വിട്ടുപോകുന്നതിനു തടയിടാനാണ്. തിരുവനന്തപുരത്തിനു പുറമെ കണ്ണൂരിലും കോട്ടയത്തും അക്രമം അരങ്ങേറി.ഇപ്പോള്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."