വി.എച്ച്.എസ്.ഇ തുടര്‍പഠനത്തിന് ലാറ്ററല്‍ എന്‍ട്രി നടപ്പാക്കണമെന്ന് ഹൈക്കോടതി
പെരിഞ്ഞനം: കേരളത്തിലെ വി.എച്ച്.എസ്.ഇ. എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് പോളിടെക്‌നിക്കുകളില്‍ ലാറ്ററല്‍ എന്‍ട്രി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്‍ജിനീയറിങ് വിഭാഗം പാസായ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലും ലാറ്ററല്‍ എന്‍ട്രി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്.സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ശംസുദ്ദീന്‍ വാത്യേടത്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്. മറ്റ് സംസ്ഥാനങ്ങളില്‍ പോളിടെക്‌നിക്കുകളില്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെ വി.എച്ച്.എസ്.ഇ. എന്‍ജിനീയറിങിന് ശേഷം പ്രവേശനം നല്‍കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പോളിടെക്‌നിക്കുകളില്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനം നല്‍കാത്തതിനാല്‍ ഒരു വര്‍ഷമാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാവുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി അയല്‍ സംസ്ഥാനങ്ങളിലെ പോളിടെക്‌നിക്കുകളെ ആശ്രയിച്ച് പഠിക്കുകയാണ് പതിവ്.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ 2013 ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച പ്രൊഫ. പി.ഒ.ജെലബ്ബ കമ്മിറ്റി വി.എച്ച്.എസ്.ഇ. പാസായവര്‍ക്ക് പോളിടെക്‌നിക്കുകളിലെ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
2010 ല്‍ രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളിലും വി.എസ്.എസ്.ഇ പാസാകുന്നവര്‍ക്ക് പോളിടെക്‌നിക്കുകളില്‍ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
ആഗ്രോമെഷീനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിങ്ങ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓട്ടോമൊബൈല്‍ ടെക്‌നോളജി തുടങ്ങിയ പത്ത് കോഴ്‌സുകളാണ് കേരളത്തിലെ വി.എച്ച്.എസ്.ഇ യില്‍ എന്‍ജിനിയറിങ് ടെക്‌നോളജി വിഭാഗത്തില്‍ ഉള്ളത്. എസ്.എസ്.എല്‍.സിയോ, തത്തുല്ല്യതാ പരീക്ഷയോ പാസാവുന്ന വിദ്യാര്‍ഥികള്‍ ആണ് പ്ലസ്ടു വിന് തുല്ല യോഗ്യതനേടുന്ന തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ പദ്ധതിയിലൂടെ പ്രവേശനം നേടി ട്രേഡ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നത്. കേരളത്തിലെ വി.എച്ച്.എസ്.ഇ. എന്‍ജിനിയറിങ് വിഭാഗത്തില്‍ പത്ത് കോഴ്‌സുകളില്‍ 363 ബാച്ചുകളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും പാസായി പുറത്തിറങ്ങുന്നത്.
നേരത്തേ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, വിദ്യാഭ്യാസ മന്ത്രിക്കും പെരിഞ്ഞനം ആര്‍.എം.വി.എച്ച്.സ്‌കൂള്‍ പി.ടി.എ. കഴിഞ്ഞ ഡിസംബറില്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ആര്‍.എം.വി.എച്ച്.എസ്.സ്‌കൂള്‍ പി.ടി.എ ക്ക് വേണ്ടി അഡ്വ.കെ.വി. വിജയന്‍, വി.എന്‍. ഹരിദാസ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."