കാക്കത്തോട് കോളനി പുനരധിവാസം അവസാന ഘട്ടത്തില്‍
നായ്ക്കട്ടി: നൂല്‍പ്പുഴ പഞ്ചായത്തില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന കോളനികളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി അവസാനഘട്ടത്തില്‍.
കാക്കത്തോട്, ചാടകപുര, പുഴംകുനി കോളനികളിലെ 67 കുടുംബങ്ങളെയാണ് ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നത്. ഈ കോളനികളിലെ 67 കുടുംബങ്ങളെ നൂല്‍പ്പുഴ പഞ്ചയാത്തിലെ തന്നെ വള്ളുവാടിയിലേക്കാണ് മാറ്റുന്നത്. ഓരോ കുടുംബത്തിനും പത്തുസെന്റു ഭൂമിയും വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കും. ഇതിനായി നിലവില്‍ ട്രൈബല്‍ റൂറല്‍ ഡവലപ്പ്‌മെന്റ് മിഷന്‍ ആറുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്കായി വാങ്ങിയ ഭൂമി പ്ലോട്ടുകളായി തിരിച്ച് അവയുടെ നറുക്കെടുപ്പും ഇക്കഴിഞ്ഞ ശനിയാഴ്ച പൂര്‍ത്തിയായി. ഇനി ട്രൈബല്‍വകുപ്പ് ഭൂമി കുടുംബങ്ങളുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തുനല്‍കുന്ന നടപടിമാത്രമാണ് അവശേഷിക്കുന്നത്. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത മഴക്കാലത്തിനു മുന്നേ ഇവിടെനിന്നും മാറാമെന്ന പ്രതീക്ഷയിലാണ് കോളനിക്കാര്‍. എല്ലാവര്‍ഷക്കാലത്തും സമീപത്തെ കാക്കത്തോട് കരകവിഞ്ഞ് ഇവരുടെ വീടുകളിലേക്ക് ഇരച്ചുകയറും. ഇതോടെ രാത്രികാലങ്ങളില്‍ വരെ കുടുംബങ്ങള്‍ കൈക്കുഞ്ഞുങ്ങളുമായി സമീപത്തെ സ്‌കൂളില്‍ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ് ഉണ്ടാവാറ്. പലപ്പോഴും ഇവര്‍ക്ക് അധികൃതര്‍ ഉടന്‍ മാറ്റിപാര്‍പ്പിക്കുമെന്ന് വാക്കുനല്‍കുമായിരുന്നെങ്കിലും അവയെല്ലാം കോളനിയില്‍ നിന്നും വെള്ളം ഇറങ്ങുന്നതിനൊപ്പം ഒലിച്ചുപോകുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ കോളനിയില്‍ വെള്ളം കയറിയപ്പോള്‍ കുടുംബങ്ങള്‍ ഉറച്ചനിലപാടില്‍ കോളനിയില്‍ നിന്നും മാറില്ലെന്നു കൂട്ടമായി തന്നെ പറഞ്ഞു. ഇതോടെ സബ് കലക്ടറെത്തി അനുനയിപ്പിച്ച് ഇത്തവണ എന്തായായും ഭൂമി വാങ്ങി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബങ്ങള്‍ മാറാന്‍ തയാറായത്. എന്തായാലും വൈകിയണെങ്കിലും തങ്ങള്‍ക്കും മഴക്കാലത്ത് വെള്ളംകയറുമെന്ന ഭീതിയില്ലാതെ വീടുകളില്‍ അന്തിയുറങ്ങാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."