കബനി തീരം ലഹരി വില്‍പന കേന്ദ്രമായി മാറുന്നു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ആദിവാസി ഊരുകള്‍ ലഹരിയുടെ പിടിയിലമരുന്നു.
കബനിയോട് ചേര്‍ന്നുള്ള ഊരുകളില്‍ ലഹരി ഉപയോഗം വ്യാപകമായിരിക്കുകയാണ്. പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി തുടങ്ങിയ മേഖലകളാണ് കര്‍ണാടകയോട് ചേര്‍ന്നുള്ളത്. കഞ്ചാവും വ്യാജ മദ്യവുമടക്കമുള്ളവയുടെ ഉപയോഗം കോളനികളില്‍ വര്‍ധിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി കബനി തീരങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്കും കഞ്ചാവുള്‍പ്പടെ ലഹരി ഉല്‍പന്നങ്ങള്‍ നല്‍കാനും നിരവധി ഏജന്റുമാരുള്ളത്. പലയിടത്തും മദ്യപര്‍ തമ്മില്‍ വാക്ക്തര്‍ക്കവും അടിപിടിയും പതിവായിരിക്കുകയാണ്. ചിലയിടങ്ങളില്‍ വാറ്റ് ചാരായവവും വ്യാപകമായിട്ടുണ്ട്.
കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് വാറ്റ് നടക്കുന്നത്. ഇത്തരം പ്രദേശത്തേക്ക് പൊലിസിന്റെ ശ്രദ്ധയെത്താത്തത് മൂലമാണ് വ്യാജ മദ്യ വില്‍പന തകൃതിയായി നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മദ്യപര്‍ സഞ്ചരിക്കുന്ന തോണി മറിഞ്ഞുള്ള അപകടങ്ങളും പതിവാണ്. രണ്ട് മാസം മുമ്പ് കൊളവള്ളിക്കടുത്ത് കബനിയില്‍ ആദിവാസി വയോധികന്‍ കുട്ടത്തോണി മറിഞ്ഞ് മരിച്ചിരുന്നു. ഇയാള്‍ കര്‍ണാടകയില്‍ മദ്യപിക്കാനായി പോയതാണെന്നാണ് പിന്നീട് ലഭിച്ച വിവരം. ഇത്തരത്തില്‍ ദിവസേന നിരവധിയാളുകളാണ് കടത്ത് കടന്ന് മദ്യത്തിനായി കര്‍ണാടകയിലേക്ക് പോയി വരുന്നത്. കഞ്ചാവ് കടത്തും അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായതായാണ് പരാതി. മൂന്ന് മാസത്തിനിടെ പത്തു പേരാണ് പെരിക്കല്ലൂര്‍, പുല്‍പ്പള്ളി പ്രദേശത്ത് പിടിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കൂടുതലും യുവാക്കളാണ്. ചേകാടി, പെരിക്കല്ലൂര്‍ വഴി കഞ്ചാവെത്തിച്ച് ടൗണിലും പരിസര പ്രദേശങ്ങളിലും വില്‍ക്കുന്ന സംഘങ്ങള്‍ സജീവമാണ്. കര്‍ണാടകയില്‍ നിന്ന് മദ്യം വാങ്ങി ഇവിടെയത്തിച്ച് കൂടിയ വിലക്ക് വില്‍ക്കുന്നവരുമുണ്ട്. ഇവരുടെയൊക്കെ പ്രധാന ഇരകള്‍ ആദിവാസികളാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലിസും എക്‌സൈസും സ്ഥിരമായി പരിശോധന നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. കോളനികളില്‍ ലഹരിക്കെതിരേ ബോധവല്‍കരണ പരിപാടികള്‍ നടത്തുന്നതും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."