അങ്കമാലി ട്രാക്ക് നവീകരണം ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു; കുരുക്കിലായി യാത്രക്കാര്‍
കൊച്ചി: അങ്കമാലിയിലെ ട്രാക്ക് നന്നാക്കുന്നതിന്റെ പേരില്‍ ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയോടുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ട്രെയിന്‍ യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.
ഈമാസം നാലിന് ആരംഭിച്ച അങ്കമാലി റെയില്‍വേ ട്രാക്ക് നവീകരണ ജോലികള്‍ 12 വരെ തുടരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഏതാനും ട്രെയിനുകള്‍ അരമണിക്കര്‍ മുതല്‍ രണ്ടുമണിക്കൂര്‍ വരെ വൈകാന്‍ സാധ്യതയുണ്ടെന്നു നേരത്തെ റെയില്‍വേയുടെ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ മിക്ക ട്രെയിനുകളും നാലുമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. ഇന്നലെ ഉച്ചയ്ക്ക് കോര്‍ബ, ശബരി, പരശുറാം, നേത്രാവതി തുടങ്ങിയ ട്രെയിനുകളെല്ലാം മൂന്നര മണിക്കൂറിലേറെ വൈകിയാണ് ഓടിയത്. സിഗ്നല്‍ ലഭിക്കാതെ ട്രെയിനുകള്‍ ചാലക്കുടി, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ തുടങ്ങിയ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു.
ട്രാക്ക് അറ്റകുറ്റപണിയുടെ പേരില്‍ ട്രെയിനുകള്‍ പിടിച്ചിടാന്‍ തുടങ്ങിയതോടെ റെയില്‍വേയെ ആശ്രയിച്ചു നിത്യവും ജോലിക്കു പോയിമടങ്ങുന്നവരാണു കുരുക്കിലായിരിക്കുന്നത്. മൂന്നു മണിക്കൂറിലേറെ ട്രെയിന്‍ വൈകിയതോടെ പലരും അരദിവസത്തെ ലീവ് മാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരായി. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളടക്കമുള്ളവര്‍ രാത്രി ഏറെ വൈകിയാണു വീട്ടില്‍ തിരിച്ചെത്തുന്നതും.
വിവിധ ആവശ്യങ്ങള്‍ക്ക് എറണാകുളത്തും മറ്റുമെത്താന്‍ റെയില്‍വേയെ ആശ്രയിച്ചവരില്‍ പലരും നിശ്ചിത സമയവും കഴിഞ്ഞാണു ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയവര്‍ സമയം വൈകി ചികിത്സ ലഭ്യമാകാതെ മടങ്ങിയ സംഭവങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."