വിപണി മാന്ദ്യത്തിനിടയിലും കേക്ക് വിപണി ഉണരുന്നു
പാലക്കാട് : കേക്കുകളുടെ ഉത്സവകാലത്തിന് ബേക്കറികള്‍ തയ്യാറായി. ക്രിസ്മസ്, പുതുവത്സരത്തെ വരവേല്‍ക്കാനായി വിവിധയിനം കേക്കുകളുടെ ശേഖരവുമായി പാലക്കാട്ടെ ബേക്കറികള്‍ സജ്ജമായിക്കഴിഞ്ഞു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പല പരീക്ഷണങ്ങളും വ്യാപാരികള്‍ ഇത്തവണയും ആവിഷ്‌കരിച്ചിട്ടുണ്ട്.
ക്രീമില്‍ തീര്‍ത്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ക്രിസ്മസ് പപ്പായും ട്രീയും നക്ഷത്രങ്ങളുമൊക്കെകൊണ്ടുള്ള കേക്കാണ് വിപണിയിലെ പുതുമ. വട്ടത്തിലും ചതുരത്തിലുമുള്ള പരമ്പരാഗത രൂപങ്ങള്‍ മാറ്റി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും പഴവര്‍ഗ്ഗങ്ങളുടെയും രൂപത്തില്‍ കേക്കുകള്‍ വിപണി കൈയടക്കുന്നുണ്ട്. കുട്ടികളെ ഉദ്ദേശിച്ചാണ് ഇത്തരം രൂപമാറ്റം. മിക്കിമൗസ്, ഡൊണാള്‍ഡ് ഡക്ക്, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, ഹീമാന്‍, ദിനോസര്‍, ക്‌ളൗണ്‍, ചീങ്കണ്ണി, മത്സ്യം, കൈതച്ചക്ക എന്നിവയുടെ ആകൃതിയില്‍ കേക്കുകളുണ്ട്.
ഇവയ്ക്ക് വന്‍ ഡിമാന്റാണെന്ന് ഒളിംബിക്ക് ബേക്കറി ഉടമ അഷ്‌റഫ് സാക്ഷ്യപ്പെടുത്തുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ കിലോക്ക് നൂറു രൂപ വരെ വര്‍ധിച്ചിട്ടുണ്ട് പതിവ് പോലെ വ്യത്യസ്തമായ രൂചികളിലുള്ളതും പ്രത്യേകമായ കൂട്ടുകള്‍ അടങ്ങിയതും പ്ലം കേക്കുകളും ഐസിങ് കേക്കുകളുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. നഗരത്തില്‍ ഐസിങ് കേക്കുകള്‍ക്ക് കിലോഗ്രാമിനു 300 രൂപമുതല്‍ 1800 രൂപവരെയാണു വില.
കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കിമൗസില്‍ തീര്‍ത്ത കേക്കിന് 1000 രൂപയാണ് വില. പ്ലം കേക്കുകള്‍ക്ക് 800 ഗ്രാമിന് 200 രൂപ മുതല്‍ വിലയുണ്ട്.
വാനില, പിസ്ത, സ്‌ട്രോബറി, പൈനാപ്പിള്‍ കേക്കുകള്‍ക്കു പുറമേ ബട്ടര്‍സ്‌കോച്ച്, ഓറഞ്ച്, കോഫി കേക്ക്, ചോക്ലേറ്റ് കേക്ക്, പ്ലം വിത്ത് റോയല്‍ കേക്ക്, പ്ലം വിത്ത് ബട്ടര്‍ കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് തുടങ്ങിയ വ്യത്യസ്ത രൂചിക്കൂട്ടുകളുള്ള കേക്കുകള്‍ സ്വന്തം ബോര്‍മയില്‍ നിര്‍മിച്ചാണ് വിപണിയിലെത്തിക്കുന്നതെന്ന് ചാത്തപുരം തേജസ് ബേക്കറിയുടമ ജയന്‍ പറയുന്നു.
ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളും വീട്ടമ്മമാരുടെ സ്വാശ്രയസംഘങ്ങളും ഈ സീസണില്‍ കേക്ക് ഉണ്ടാക്കി ബേക്കറികളിലേയ്ക്കും ഇതര സ്ഥാപനങ്ങളിലേയ്ക്കും വിതരണം നടത്താറുണ്ടായിരുന്നു. എന്നാല്‍ നോട്ട് പ്രതിസന്ധി ഇവരെയും ദുരിതത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."