പരിസ്ഥിതി സാക്ഷരതാ യജ്ഞം 14ന് ജില്ലയില്‍ തുടക്കമാകും
കോട്ടയം : ജില്ലയില്‍ 14ന് പരിസ്ഥിതി സാക്ഷരതാ യജ്ഞത്തിന് തുടക്കമാകുമെന്ന് ജില്ലാ സാക്ഷരതാ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ സാക്ഷരതാ പ്രേരക്മാര്‍ക്ക് ഇത് സംബന്ധിച്ച് പരിശീലനം നല്‍കും. തുടര്‍ന്ന് ജില്ലയിലെ 152 സാക്ഷരതാ പ്രേരക്മാര്‍ വാര്‍ഡുകള്‍ തോറും പരിസ്ഥിതി സര്‍വേ നടത്തും. സാക്ഷരതാ പഠന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളെയാണ് പൈലറ്റ് പ്രോജക്ടിന് തെരഞ്ഞെടുത്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ വാര്‍ഡ് അംഗം ചെയര്‍മാനായുള്ള 30 അംഗപഠന സംഘമാണ് പ്രവര്‍ത്തിക്കുക. ഉപയോഗമുള്ളതും ഉപയോഗശൂന്യവുമായ പൊതുജലാശയങ്ങളുടെ കണക്കെടുപ്പു നടത്തി ജലസ്രോതസ്സുകള്‍ നശിച്ചതിനുള്ള കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി ലോക സാക്ഷരതാദിനമായ സെപ്റ്റംബര്‍ എട്ടിന് ജില്ലാതലത്തില്‍ നടക്കുന്ന സെമിനാറില്‍ അവതരിപ്പിക്കും. നശിച്ച ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഉള്ളവയെ സംരക്ഷിക്കുന്നതിനുമുള്ള പ്രായോഗിക നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കും.
തുല്യതാപരീക്ഷയുടെ ഭാഗമായുള്ള ജില്ലാ പഞ്ചായത്തിന്റെ മിഷന്‍ 2020 പദ്ധതിക്ക് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് അറിയിച്ചു.
തുല്യതാ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും ക്ലാസ്സുകളില്‍ എത്തുന്നുണ്ടെന്ന് ബ്ലോക്ക് പ്രേരകുമാരും പഞ്ചായത്ത് പ്രേരക്മാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളെ ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികള്‍ നിരീക്ഷിക്കണം.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ.സണ്ണി പാമ്പാടി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ശശികലാ നായര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.ജയേഷ് മോഹന്‍, സാക്ഷരതാ ജില്ലാ മിഷന്‍ കോനര്‍ഡിനേറ്റര്‍ അബ്ദുള്‍ കരീം, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ഡയറ്റ് പ്രതിനിധി സി. ശശിധരന്‍ നായര്‍, പി.ആര്‍.ഡി. അസി. എഡിറ്റര്‍ സിനി കെ. തോമസ്, സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ കൊച്ചുറാണി മാത്യു, താര തോമസ്, ബ്ലോക്ക് പ്രേരക് അനില്‍ കൂരോപ്പട, എം.എസ്. പ്രീത, പി.എന്‍. സുനില്‍ കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."