മട്ടന്നൂരില്‍ വിധിയെഴുത്ത് ഇന്ന്
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പോളിങ് സമയം. 36,323 വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുക. 35 നഗരസഭാ വാര്‍ഡുകളിലേക്ക് 35 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചത് ഇത്തവണത്തെ പ്രത്യേകതയാണ്. നഗരസഭ പുന:ക്രമീകരിച്ചതോടെ വാര്‍ഡുകളുടെ എണ്ണം 34ല്‍ നിന്നു 35 ആയി ഉയര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുള്പ്പെടെ 112 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. പ്രതികൂല കാലവസ്ഥയിലും ആവേശം ചോരാത്ത പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തിയത്. അതുകൊണ്ടുതന്നെ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. സംസ്ഥാനത്ത് എവിടെയും തെരഞ്ഞെടുപ്പില്ലാത്ത സമയം മട്ടന്നൂരില്‍ നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ്. കഴിഞ്ഞ 20 വര്‍ഷമായി നഗരസഭ ഭരണം കൈയ്യാളുന്നത് എല്‍.ഡി.എഫാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."