ജി.എസ്.ടി: പണമടക്കാന്‍ വന്ന ഉപഭോക്താക്കള്‍ വലഞ്ഞു
കാസര്‍കോട്: ടെലഫോണ്‍ ഉപഭോക്താക്കളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ബി.എസ്.എന്‍.എല്‍ അധികൃതര്‍ നടത്തിയ പ്രവര്‍ത്തി ഉപഭോക്താക്കളെ വലച്ചു. ഇന്നലെ രാവിലെ മുതല്‍ തന്നെ കാസര്‍ക്കോട്, കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള വിവിധ ബി.എസ്.എന്‍.എല്‍ ഓഫിസ് കൗണ്ടറുകളില്‍ പണമടക്കാന്‍ വന്ന ഉപഭോക്താക്കള്‍ മണിക്കൂറുകളോളം വട്ടം കറങ്ങി. ജി.എസ്.ടി പരിധിയില്‍ ടെലഫോണ്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഇവരുടെ വിവരങ്ങള്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം ജി.എസ്.ടിയിലേക്ക് അപ്‌ലോഡ് ചെയ്തു തുടങ്ങിയത് കാരണമാണ് ഇന്നലെ ബില്ലുകള്‍ സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായതെന്ന് അക്കൗണ്ട് ഓഫിസര്‍മാര്‍ പറഞ്ഞു.
ബില്ലടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം മുതല്‍ ഡിസ്‌കണക്റ്റായ ഫോണുകളുടെ ബില്ലടക്കുന്നതിനു വേണ്ടിയും മറ്റുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയും അതിരാവിലെ തന്നെ കൗണ്ടറുകളിലെത്തിയ ഉപഭോക്താക്കളോട് ബില്ലെടുക്കാന്‍ നിര്‍വാഹമില്ലെന്നു ജീവനക്കാര്‍ പറയുകയായിരുന്നു. രണ്ടു മണിക്കൂറിനകം ഇത് ശരിയാകുമെന്ന് പറയുകയും ചെയ്തു.
എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും കാഞ്ഞങ്ങാട്ടെ കൗണ്ടറില്‍ പണം സ്വീകരിക്കാന്‍ പറ്റാതെ വന്നതോടെ അതിരാവിലെ തന്നെ എത്തിയവര്‍ വെട്ടിലായി. ഉച്ചക്ക് രണ്ടുമണി വരേയും ആളുകള്‍ ബില്ലടക്കുന്നതിനു വേണ്ടി കാത്തിരുന്നെങ്കിലും ഇത് ശരിയാകാതെ വന്നതോടെ മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ എത്തിയ ഉപഭോക്താക്കള്‍ നിരാശരായി തിരികെ പോകേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."