തടയണകളില്‍ അവശേഷിക്കുന്നത് മൂന്ന് മാസത്തേക്കുള്ള ജലം മാത്രം
പാലക്കാട്: സംസ്ഥാനത്ത് ലഭ്യമായ തെക്കു-പടിഞ്ഞാറന്‍ മഴയില്‍ 24 ശതമാനം കുറവ് വന്ന് സാഹചര്യത്തില്‍ വരള്‍ച്ചാ സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എ.ഡി.എം എസ്. വിജയന്റെ അധ്യക്ഷതില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലയില്‍ നിലവിലുള്ള ഡാമുകളിലെ ജലശേഖരം സംബന്ധിച്ച് യോഗം വിലയിരുത്തി. മലമ്പുഴയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്തെ അപേക്ഷിച്ച് 20 ശതമാനം ജലം കുറവുള്ളതായി ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.
പറമ്പിക്കുളത്ത് 60 ശതമാനത്തോളം മഴകുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 217.32 മില്യണ്‍ ക്യുബിക്ക് മീറ്റര്‍ ജലമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നിലനിന്നിരുന്ന 341.36 മില്യണ്‍ ക്യുബിക്ക് മീറ്ററിന്റെ സ്ഥാനത്ത്് മൂന്നിലൊന്നില്‍ താഴെ മാത്രം ജലമാണ് അവശേഷിക്കുന്നത്. ജൂണ്‍ അവസാനം മുതല്‍ ഓഗസ്റ്റ് ആദ്യവാരം വരെയുള്ള കണക്കില്‍ ജില്ലയിലെ മഴയുടെ ലഭ്യതയില്‍ 31 ശതമാനം കുറവ് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭൂഗര്‍ഭ ജലനിരപ്പില്‍ അപകടകരമായ കുറവില്ലെങ്കിലും തുടര്‍ന്നും മഴയുടെ ലഭ്യതയില്‍ കുറവ് വന്നാല്‍ ജലനിരപ്പിനെ ബാധിക്കുമെന്ന് ഭൂഗര്‍ഭ ജലവിഭാഗം അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ നിലവിലുള്ള തടയണകളില്‍ മൂന്ന് മാസത്തേക്കുള്ള ജലശേഖരമുണ്ടെന്ന് വാട്ടര്‍അതോറിറ്റി വിഭാഗം അറിയിച്ചു. അത് കഴിഞ്ഞാല്‍ തുലാവര്‍ഷത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. മലമ്പുഴ ഡാമിലേക്കുള്ള പ്രധാന ജലസ്രോതസായ ഒന്നാംപുഴയില്‍ തടയണ നിര്‍മിച്ച് തമിഴ്‌നാട് ജലം കടത്തുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകാര്യാലയം, വനംവകുപ്പ്, പൊലിസ്, ജലസേചന വകുപ്പ് അധികൃതര്‍ സംയുക്തമായി ഉടന്‍ പരിശോധന നടത്തുമെന്ന് യോഗം അറിയിച്ചു.
ജില്ലയില്‍ ഇതുവരെ 33,413 ഹെക്ടറിലാണ് നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. 35,485 ഹെക്ടറിലാണ് സാധാരണ നെല്‍കൃഷി ഇറക്കുക. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമെ വരള്‍ച്ച എത്രത്തോളം ബാധിച്ചുവെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."