തെരേസാ മേക്കെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടിസ്
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരുടെ അവിശ്വാസം അതിജീവിച്ചതിനു പിന്നാലെ പ്രധാനമന്ത്രി തെരേസാ മേക്കെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. ബ്രക്‌സിറ്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാം വാരത്തില്‍ മാത്രമേ നടക്കുകയുള്ളൂവെന്ന തെരേസാ മേയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോര്‍ബിയാന്‍ അവിശ്വാസ നോട്ടിസ് സമര്‍പ്പിച്ചത്.
ബ്രക്‌സിറ്റിലെ പാര്‍ലമെന്റ് വോട്ടെടുപ്പിനായി ഒരു മാസത്തോളം കാത്തിരിക്കല്‍ സ്വീകാര്യമല്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നും കോര്‍ബിന്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അവിശ്വാസ നോട്ടിസ് സമര്‍പ്പിച്ചത്. യാതൊരു ചര്‍ച്ചയുമില്ലാതെയാണ് ഡിസംബര്‍ 11ന് നടത്തേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചത്. കരാറില്‍ മാറ്റമുണ്ടാവില്ല. പാര്‍ലമെന്റില്‍ നിര്‍ബന്ധമായും വോട്ടെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. ബ്രക്‌സിറ്റിനുള്ള ബദല്‍ സംവിധാവുമായി മുന്നോട്ടു പോവണമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ നോട്ടിസ് പാര്‍ലമെന്റിന്റെ ഇരു സഭകളും അഗീകരിച്ചാല്‍ മാത്രമേ വോട്ടെടുപ്പ് നടക്കുകയുള്ളൂ. അവിശ്വാസം പ്രമേയം പാസാവുകയാണെങ്കില്‍ തെരേസാ മേ അധികാരത്തില്‍ നിന്നൊഴിയേണ്ടിവരും. എന്നാല്‍ തെരേസ മേക്കെതിരേ മാത്രം അവിശ്വാസം കൊണ്ടുവന്നതില്‍ കോര്‍ബിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സര്‍ക്കാരിനെതിരേ മൊത്തത്തില്‍ അവിശ്വാസം കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം. സര്‍ക്കാരിനെതിരേ മുഴുവനായും അവിശ്വാസം കൊണ്ടുവരാതെ പ്രധാനമന്ത്രിക്കെതിരേ മാത്രം എന്തുകൊണ്ടാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ഗിയോണ്‍ ചോദിച്ചു.
അവിശ്വാസ നീക്കത്തിന്റെ പേരിലുള്ള ലേബര്‍ പാര്‍ട്ടിയുടെ അഭിനയങ്ങളോട് തങ്ങള്‍ക്കു താല്‍പര്യമില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടിയായ ഡി.യു.പി നേതാവ് ആന്‍ഡ് നിഗല്‍ ഡഡ്‌സ് പറഞ്ഞു.
അവശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരേ മാത്രമുള്ള അവിശ്വാസം സാധ്യമല്ല. സര്‍ക്കാരിനെതിരേയാണെങ്കില്‍ തീരുമാനവുമായി അവര്‍ക്കു മുന്നോട്ടപോകാം.
ലേബര്‍ പാര്‍ട്ടിയുടെ അവിശ്വാസ നീക്കത്തിനിടെ ബ്രക്‌സിറ്റിനുള്ള നടപടികള്‍ യു.കെ സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തി. ഇതിനായി രണ്ട് ബില്യന്‍ പൗണ്ട് മന്ത്രിസഭ വകയിരുത്തി.
കഴിഞ്ഞയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റിവച്ച് ബ്രസല്‍സില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി പോയ പ്രധാനമന്ത്രിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളില്‍നിന്നു കാര്യമായ ഉറപ്പുകള്‍ നേടാനോ ഉടമ്പടിയില്‍ എന്തെങ്കിലും ഭേദഗതി വരുത്താനോ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഇന്നലെ പാര്‍ലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാംവാരമേ നടക്കൂ എന്ന് അവര്‍ അറിയിച്ചത്.
ഉടമ്പടിയിലെ വിവാദവിഷയമായ ഐറീഷ് ബാക്ക്‌സ്റ്റോപ്പ് ഒരിക്കലും ബ്രിട്ടനു കെണിയാകില്ലെന്ന് യൂറോപ്യന്‍ നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."