അപകടങ്ങള്‍ തുടര്‍ക്കഥയായി ദേശീയപാത
കുഴല്‍മന്ദം : പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ അപകടം നിത്യസംഭവമാകുന്നു. ജീവന്‍ പൊലിയുന്നവരുടെ എണ്ണവും ദിനം പ്രതി ഉയരുന്നു. ഇന്നലെ തേനിടുക്ക് ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം തെറ്റിമറിഞ്ഞ് പി.എം ഫൈസല്‍ (44) മരിച്ചതാണ് ഒടുവിലത്തെ സംഭവം.
ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നു തൃശൂരിലേക്ക് സിമന്റ് ഇറക്കി മടങ്ങിയ ടാങ്കര്‍ ട്രെയ്‌ലര്‍ ലോറി വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടതിന്റെ അടുത്തായിരുന്നു ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞത്.
റോഡിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ചതിക്കുഴികള്‍ ആയി മാറുകയാണ്. പ്രതലങ്ങളില്‍ പലയിടങ്ങളിലും നിരപ്പ് വ്യത്യാസവും, കുഴികളും ഉള്ളതു മൂലം വെള്ളം മൂടി കിടക്കുമ്പോള്‍ കുഴികള്‍ അറിയാതെ അപകടത്തില്‍ പെടുന്നവര്‍ നിരവധി.
മംഗലം തൊട്ട് വാണിയമ്പാറ വരെയുള്ള 15 കിലോമീറ്റര്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആറുപേര്‍ വിവിധ അപകടങ്ങളില്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ചുവട്ടുപാടത്ത് വച്ചു സുരാജ് ഭവനില്‍ സുന്ദരന്റെ ഭാര്യ സത്യഭാമ (49) മംഗലം പാലത്ത് വച്ചു കണ്ണാടികാള്ളിമാടന്‍ പറമ്പ് പരേതനായ ചാമിയപ്പന്റെ മകന്‍ ഗുരുവായരപ്പന്‍ (49 ), മംഗലം ഐ.ടി.സി ക്ക് സമീപം തൃശൂര്‍ മാരോട്ടി ചാല്‍ സ്വദേശി പല്ലാട്ട് വീട്ടില്‍ വില്‍സണ്‍ (54 ) പന്തലാംപാടം മേരിഗിരിയില്‍, തൃശൂര്‍ മുടിക്കോട് മുണ്ടപ്പുറത്ത് സുന്ദരന്റെ മകന്‍ സുജിത്ത് (30) ദേശീയ പാത വാണിയമ്പാറക്ക് സമീപം ലോറി ബൈക്കിലിടിച്ച് തൃശൂര്‍ നെല്ലായ് സ്വദേശി വേണുഗോപാലിന്റെ മകന്‍ വിനായക് (20) എന്നിവരാണ് മരണത്തിന്റെ പിടിയിലമര്‍ന്നത്.
സര്‍വീസ് റോഡുകളുടെ അഭാവം നിമിത്തം ഇടപാതകളില്‍ നിന്നും ദേശീയ പാതയിലേക്ക് നേരിട്ട് കടന്നു ചെല്ലുന്ന വാഹനങ്ങള്‍ ചീറിപാഞ്ഞെത്തുന്ന വാഹനങ്ങളുടെ മുമ്പില്‍ ചെന്നെത്തുന്നത് അപകടങ്ങള്‍ ദിനം പ്രതി ഉയരാന്‍ കാരണമാകുന്നു എന്നാക്ഷേപം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."