പിതൃനിര്‍വിശേഷമായ ആത്മബന്ധം
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി#
ആത്മീയതയുടെ ആഴമറിഞ്ഞ സൂഫീവര്യനും പണ്ഡിതനുമായ അനുഗൃഹീത വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. മാതൃകായോഗ്യവും നിസ്വാര്‍ഥവുമായ ജീവിതത്തിലൂടെ കേരളീയ മുസ്‌ലിം സമൂഹത്തെ ആത്മീയമായും സാമൂഹികമായും സമ്പന്നമാക്കുന്നതിനു ജീവിതം മുഴുക്കെ നീക്കിവച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. വിനയത്തിന്റെ ആള്‍രൂപമായി, അറിവിന്റെ ആഴങ്ങള്‍ കണ്ടനുഭവിച്ച്, സമുദായത്തിന്റെ ആശയും അത്താണിയുമായി, പുതിയ അധ്യായം തീര്‍ത്താണ് അദ്ദേഹം വിടവാങ്ങിയത്.
മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയില്‍ 1936 സെപ്റ്റംബര്‍ 18നാണ് അദ്ദേഹത്തിന്റെ ജനനം. പണ്ഡിതനും സ്‌കൂള്‍ അധ്യാപകനുമായിരുന്ന കോമു മുസ്്‌ലിയാരാണ് പിതാവ്. അറിയപ്പെട്ട ബഹുഭാഷാ പണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്ന പാലകത്ത് മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ പിതാമഹനാണ്. പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍ കുട്ടി മുസ്്‌ലിയാര്‍, പന്താരങ്ങാടിയില്‍ വഹ്ശി മുസ്്‌ലിയാര്‍, സൂഫീവര്യനായിരുന്ന സി.എച്ച് കുഞ്ഞീന്‍ മുസ്്‌ലിയാര്‍ എന്നിവരില്‍നിന്ന് പഠനം നടത്തി. ഈയിടെ വഫാത്തായ സി.എച്ച് ബാപ്പുട്ടി മുസ്്‌ലിയാര്‍ അത്തിപ്പറ്റ ഉസ്താദിന്റെ സതീര്‍ഥ്യനായിരുന്നു.
സൂഫീ പണ്ഡിതരുമായി ചെറുപ്പം മുതലേ അദ്ദേഹം ആത്മബന്ധം സ്ഥാപിച്ചു. ആലുവായ് അബൂബക്ര്‍ മുസ്്‌ലിയാര്‍, മുടിക്കല്‍ അബ്ദുറസാഖ് മസ്താന്‍, കൂരിയാട് തേനു മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവരുമായി നിരന്തര സമ്പര്‍ക്കവും പുലര്‍ത്തി.
1987ലാണ് ലേഖകന്‍ അത്തിപ്പറ്റ ഉസ്താദുമായി നാട്ടില്‍വച്ച് അടുത്തിടപഴകുന്നത്. ആ വര്‍ഷം നവംബറിലാണ് അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണമനുസരിച്ച് അല്‍ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ അതിഥിയായി ആദ്യമായി യു.എ.ഇയിലെത്തിയതും. ഉസ്താദിന്റെ മേല്‍നോട്ടത്തില്‍ 1977ലാണ് അല്‍ഐനില്‍ സുന്നി യൂത്ത് സെന്റര്‍ സ്ഥാപിക്കുന്നത്. സ്ഥാപനത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചു. 27 വര്‍ഷം യു.എ.ഇ ഔഖാഫിനു കീഴില്‍ ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു. അക്കാലയളവില്‍ ഔദ്യോഗിക തലങ്ങളിലെ ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാനും പ്രവാസികളായ മലയാളികളുടെ മത-സാമൂഹിക-ക്ഷേമ കാര്യങ്ങളില്‍ ഇടപെടാനും അദ്ദേഹത്തിനു സാധിച്ചു. അബൂദബിയിലെ സുന്നി സ്റ്റുഡന്റ്‌സ് സെന്റര്‍, വിവിധ എമിറേറ്റുകളിലെ സുന്നി സംഘടനകള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയൊക്കെ പടുത്തുയര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അദ്ദേഹത്തിനു നിര്‍ണായകമായ ഇടമുണ്ടായിരുന്നു. 1992ല്‍ ദാറുല്‍ഹുദായ്ക്കു സമീപം ഫാഥ്വിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളജ് സ്ഥാപിക്കുന്നതും ഉസ്താദിന്റെ പ്രത്യേക താല്‍പര്യത്തിലാണ്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം നിരന്തരം ബന്ധപ്പെടുകയും കൂടിയാലോചനകള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.
സുന്നി സാഹിത്യങ്ങളുടെ പ്രസാധനത്തിനായി 1980ല്‍ ചേളാരിയില്‍ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ സ്ഥാപിച്ചതിനു പിന്നിലും അദ്ദേഹമായിരുന്നു. സുന്നി പബ്ലിക്കേഷന്‍ സെന്ററിനു കീഴില്‍ സമസ്തയുടെ സെക്രട്ടറിയായിരുന്ന കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ ഫത്ഹുര്‍റഹ്മാന്‍ ഖുര്‍ആന്‍ മലയാള പരിഭാഷ വെളിച്ചെത്തുകൊണ്ടുവരുന്നതില്‍ അക്ഷീണപ്രയത്‌നം നടത്തിയതും മേല്‍നോട്ടം വഹിച്ചതും ഉസ്താദാണ്. ഈ ലേഖകനായിരുന്നു അന്നതിന്റെ മാനേജര്‍. പിന്നീട് 1986ല്‍ ദാറുല്‍ഹുദാ സ്ഥാപിച്ചപ്പോള്‍ മര്‍ഹും എം.എം ബശീര്‍ മുസ്‌ലിയാരും സി.എച്ച് ഹൈദറൂസ് മുസ്‌ലിയാരും ഡോ. യു. ബാപ്പുട്ടി ഹാജിയും എന്നെ ദാറുല്‍ഹുദായിലേക്ക് ക്ഷണിച്ചു. എന്നാല്‍ കെ.വി ഉസ്താദിന്റെ ഖുര്‍ആന്‍ പരിഭാഷയുടെ പൂര്‍ത്തീകരണമെന്ന ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നും ദാറുല്‍ഹുദായുടെ ചുമതല ഏല്‍ക്കണമെങ്കില്‍ സ്ഥാപനത്തിനു സമീപം സുന്നി പബ്ലിക്കേഷന്‍ സെന്ററിന് ആസ്ഥാനം പണിയുന്നതിനായി പത്തു സെന്റ് ഭൂമിയെങ്കിലും തരണമെന്നും ഞാനവരോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ദാറുല്‍ഹുദാ കാംപസിന്റെ വടക്കുകിഴക്കേ അറ്റത്തുള്ള പത്തു സെന്റ് സ്ഥലം സുന്നി പബ്ലിക്കേഷന്‍ സെന്ററിനും അതിന്റെ മേല്‍ഘടകമായ മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യക്കും വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അതിനു കീഴിലാണ് ഫാഥ്വിമ സഹ്‌റാ വനിതാ കോളജ് സ്ഥാപിതമായത്. പിന്നീട് അല്ലാഹുവിന്റെ തീരുമാനമെന്നോണം പ്രസ്തുത കോളജും സുന്നി പബ്ലിക്കേഷന്‍ സെന്ററും ഓഫിസും വിദേശ നിര്‍മിത പ്രസ്സുമെല്ലാം ദാറുല്‍ഹുദായ്ക്ക് ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ സൂത്രധാരനും ആവിഷ്‌കര്‍ത്താവും ഉസ്താദായിരുന്നു.
ലോക പ്രശസ്ത സൂഫി മാര്‍ഗദര്‍ശിയും ശാദുലി ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഈസാ (1920-1991)യുടെ മാസ്റ്റര്‍ പീസ് കൃതി 'ഹഖാഇഖു അനിത്തസ്വവ്വുഫ്' മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ എന്നെ ചുമതലപ്പെടുത്തിയതും അത്തിപ്പറ്റ ഉസ്താദാണ്. അദ്ദേഹത്തിന്റെ നിരന്തര പ്രേരണയാല്‍ 120 ദിവസം കൊണ്ട് പ്രസ്തുത കൃതി പുറത്തിറക്കാന്‍ സാധിച്ചു. 1989ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ താമസമാക്കിയിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസാ അവര്‍കളെ സന്ദര്‍ശിക്കാനും അദ്ദേഹത്തെ കേരളത്തിലേക്കുക്ഷണിക്കാനും എന്നെ പറഞ്ഞയച്ചത് ഉസ്താദായിരുന്നു. ആ യുഗപുരുഷനെ നേരില്‍ കാണാനും ആ മാഹാത്മ്യം അനുഭവിക്കാനും ആത്മീയബന്ധം സ്ഥാപിക്കാനും അങ്ങനെയാണ് വഴിയൊരുങ്ങിയത്. പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇഹലോകം വെടിഞ്ഞത്.
മൊഴിമാറ്റം പൂര്‍ത്തിയായപ്പോള്‍ ശൈഖുനായുടെ ആത്മീയ സന്നിധിയില്‍വച്ചു തന്നെ പ്രകാശനകര്‍മം നിര്‍വഹിക്കണമെന്നായിരുന്നു അത്തിപ്പറ്റ ഉസ്താദിന്റെ അഭിലാഷം. അങ്ങനെ ഉസ്താദിനോടൊപ്പം ഞാനും അല്‍ഐന്‍ സുന്നി സെന്ററിന്റെ നിലവിലെ പ്രസിഡന്റ് വി.പി പൂക്കോയ തങ്ങളും ഇസ്താംബൂളിലെത്തി ശൈഖുനായുടെ മഖ്ബറക്കരികില്‍വച്ച് പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
തസ്വവ്വുഫ്, തസ്‌കിയത്ത് മേഖലയില്‍ കൂടുതല്‍ സേവനങ്ങളര്‍പ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സൂഫിസമെന്ന ആശയം വിവിധ തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന പുതിയ കാലത്ത് പറയാനാഗ്രഹിച്ച മുഴുവന്‍ മൂല്യങ്ങളെയും സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം. അനിവാര്യമായ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ കാടാമ്പുഴക്കടുത്തുള്ള മരവട്ടം ഗ്രെയ്‌സ് വാലി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷനും വീടിനോടടുത്ത് അടുത്തകാലത്തു സ്ഥാപിച്ച ഫത്ഹുല്‍ ഫത്താഹ് സെന്ററും അദ്ദേഹത്തിന്റെ വിജ്ഞാന സേവന രംഗത്തെ നേര്‍സാക്ഷ്യങ്ങളാണ്.
1976 മുതലാണ് ശാദുലി ആത്മീയശ്രേണിയില്‍ അദ്ദേഹം അണിചേരുന്നത്. അല്‍ഐനില്‍നിന്ന് ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ അദ്ദേഹം ആയിടെ മദീനയില്‍ താമസമാക്കിയിരുന്ന ശൈഖുനാ അബ്ദുല്‍ ഖാദിര്‍ ഈസായെ സമീപിക്കുകയും ബൈഅത്ത് സ്വീകരിക്കുകയുമായിരുന്നു. പിന്നീട് അല്‍ഐനില്‍ നിന്ന് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനായി പോകുന്ന പലരും ശൈഖുനാ മദീനയിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തെ കാണുകയും ത്വരീഖത്തും ആത്മീയ മാര്‍ഗദര്‍ശനവും സ്വീകരിക്കുകയും ചെയ്തു.
അത്തിപ്പറ്റ ഉസ്താദ് യു.എ.ഇയിലായിരുന്ന കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് സ്വലാത്ത് സദസും ദിക്‌റ് ഹല്‍ഖകളും സ്ഥാപിച്ച് വിശ്വാസികളെ ആത്മീയമായും സാമൂഹികമായും ഉദ്‌ബോധനം നടത്താന്‍ ശ്രമിച്ചു. യു.എ.ഇയില്‍ മാത്രമല്ല, വിവിധ ജി.സി.സി രാഷ്ട്രങ്ങളിലും മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും വരെ ഇതുസംബന്ധമായ യാത്രകള്‍ അദ്ദേഹം നടത്തിയിരുന്നു. അവിടങ്ങളിലൊക്കെ ഈ ആത്മപ്രകാശത്തിന്റെ പ്രസരണങ്ങള്‍ നടത്താനും അദ്ദേഹത്തിനു സാധിച്ചു.
എന്റെ ഉപ്പാപ്പ തേനുമുസ്‌ലിയാരുമായി ഉസ്താദിനുണ്ടായിരുന്നത് അസാധാരണമായ ആത്മബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം എന്നോടുള്ള സമീപനങ്ങളിലും ഞാനുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും പുലര്‍ത്തിയിരുന്നു. പിതൃനിര്‍വിശേഷമായ ബന്ധമായിരുന്നു എന്നോടുണ്ടായിരുന്നത്. എന്റെ ഡോക്ടറേറ്റ് പഠന കാലത്തും യാത്രാ വേളകളിലും മറ്റു സകല കാര്യങ്ങളിലും ഉസ്താദ് സ്‌നേഹവാത്സ്യത്തോടെയായിരുന്നു സമീപിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് മൂലം സമൂഹത്തിലുണ്ടായ വിടവു നികത്താന്‍ അല്ലാഹു ശക്തനായ പകരക്കാരനെ നല്‍കി അനുഗ്രഹിക്കട്ടെ എന്നാത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."