കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണവും സഹിഷ്ണുതാ സംഗമവും വെള്ളിയാഴ്ച ദുബൈയില്‍
ദുബൈ: പ്രമുഖ പണ്ഡിതനും സമസ്ത നേതാവും കടമേരി റഹ്മാനിയ്യ കോളേജ് പ്രിന്‍സിപ്പളുമായിരുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് അനുസ്മരണ സമ്മേളനവും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ച സഹിഷ്ണുതാവര്‍ഷത്തിന്റെ സന്ദേശപ്രചാരണ സംഗമവും ഡിസംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ദുബൈയില്‍ നടക്കുമെന്ന് കടമേരി റഹ്മാനിയ്യ കമ്മറ്റി പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി പി. കെ അബ്ദുല്‍ കരീം എന്നിവര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുബായ് അല്‍ബറാഹ ഹോസ്പിറ്റലിലെ അല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജോ.സെക്രട്ടറിയും കടമേരി റഹ്മാനിയ്യ പ്രിന്‍സിപ്പാളുമായ ബഹു.എം.ടി അബ്ദുള്ള മുസ്ലിയാര് എന്നിവര്‍ പങ്കെടുക്കും. ഇതിനായി ഇരു നേതാക്കളും ഇന്ന് ദുബൈയിലെത്തും.
ഇവര്‍ക്കു പുറമെ യു.എ.ഇ യിലെ മതസാംസ്കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
യു.എ.ഇയിലെ കടമേരി റഹ്മാനിയ്യ കോളേജ് കമ്മറ്റിയും ഗള്‍ഫ് സത്യധാരയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തെന്നിന്ത്യയിലെ അത്യുന്നത മതകലാലയമായ കടമേരി റഹ്മാനിയ്യ അറബിക് കോളജിന്റെ നാല് ദശാബ്ദക്കാലത്തെ വളര്‍ച്ചയുടെ സുപ്രധാന ചാലകശക്തിയായിരുന്നു ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് എന്ന് സംഘാടകര്‍ വ്യക്തമാക്കി.
മതപഠനത്തോടൊപ്പം മതേതര വിജ്ഞാനവും ഭാഷാ പഠനവും സമന്വയിപ്പിച്ച കേരളത്തിലെ പ്രഥമ മതഭൗതിക സമന്വയ വിദ്യാഭ്യാസ സംരഭമായ കടമേരി റഹ്മാനിയ്യയുടെ പുരോഗതിയില്‍ ബഹു. കോട്ടുമല ബാപ്പു മുസ്ലിയാര് വഹിച്ച പങ്ക് അതുല്ല്യമാണ്.
സമസ്തയുടെ സംഘടനാ നേതൃത്വത്തിലും ഹജ്ജ് കമ്മിറ്റി ഉള്‍പ്പെടെയുള്ള ചുമതലകളിലും മുസ്ലിം സാമുദായിക പ്രശന്ങ്ങളിലെ സമരമുന്നേറ്റങ്ങളിലും ബാപ്പു മുസ്ലിയാര് ഏറെ ശ്രദ്ധേയമായ സംഭാവനകളാണ് അര്‍പ്പിച്ചിട്ടുള്ളത്.കടമേരി റഹ്മാനിയ്യ യു.എ.ഇ കമ്മിറ്റി രൂപീകരിക്കുന്നതിലും ബാപ്പു മുസ്ലിയാരുടെ പങ്ക് നിസ്തുലമായിരുന്നു
കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ബഹു.ബാപ്പു മുസ്ലിയാര് ഉള്‍പ്പെടെയുള്ള നേതാക്കളും ഉയര്‍ത്തിപ്പിടിച്ച നയനിലപാടുകള്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെതുമാണ്. അതു കൊണ്ടു തന്നെയാണ് ബാപ്പു മുസ്ലിയാര് അനുസ്മരണത്തോടൊപ്പം സഹിഷ്ണുതാ സംഗമം കൂടി പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്നും സംഘാടകര്‍ വിശദീകരിച്ചു.
യു.എ.ഇ ഭരണകൂടം ഇയ്യിടെ പ്രഖ്യാപിച്ച 2019 സഹിഷ്ണുതാവര്ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വീകരിച്ച് വരുന്ന മധ്യമ നിലപാടും മിതത്വവും ചുറ്റുപാടുകളോട് നിലനിര്‍ത്തുന്ന ജൈവിക ബന്ധവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കള്‍ക്ക് ഈ സന്ദേശം കൂടുതല്‍ വ്യക്തതയോടെ ബോധവല്‍ക്കരിക്കാന്‍ കഴിയും സംഘാടകര്‍ പറഞ്ഞു.
ദുബൈ കെ.എം.സി.സി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കടമേരി റഹ്മാനിയ്യ ട്രഷറര്‍ കുറ്റിക്കണ്ടി അബൂബക്കര്‍, സ്വാഗത സംഘം കണ്‍വീനര്‍ മിദ് ലാജ് റഹ് മാനി, ഭാരവാഹികളായ വലിയാണ്ടി അബ്ദുള്ള, പാറക്കല്‍ മുഹമ്മദ്, കടോളി അഹമ്മദ്, ടി.വി.പി മുഹമ്മദലി, തെക്കയില്‍ മുഹമ്മദ്, അബ്ദുള്ള റഹ്മാനി, ഇസ്മായീല്‍ ഏറാമല, മൊയ്തു അരൂര്‍, റഹ്മാനീസ് പ്രസി.വാജിദ് റഹ്മാനി,സെക്രട്ടറി റഫീഖ് റഹ്മാനി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."