ആരും കുറ്റവാളികളല്ലാത്ത വലിയ കുറ്റം
സി. ആര്‍ നീലകണ്ഠന്‍#
സമൂഹത്തില്‍ ഒരു വലിയ തെറ്റ് സംഭവിച്ചിരിക്കുന്നു. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എം പാനല്‍ തൊഴിലാളികളായ 3861 മനുഷ്യരും അവരുടെ കുടുംബങ്ങളും വഴിയാധാരമായിരിക്കുന്നു. ഇനി എന്ത് എന്ന ചോദ്യം അവരുടെ മുന്നില്‍ വെല്ലുവിളിയായിരിക്കുന്നു. ഒരു പ്രകൃതിദുരന്തം മൂലമല്ല, മനുഷ്യന്റെ തെറ്റായ നടപടികള്‍ മൂലമാണ് ഇതു സംഭവിച്ചിരിക്കുന്നത്. അത്ഭുതകരമെന്നു പറയട്ടെ ഇതില്‍ ഒരാളെയും കുറ്റവാളികളായി ആരും കാണുന്നില്ല. എങ്ങനെയാണ് ഈ അത്ഭുതം സംഭവിക്കുന്നത് ഭരണവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും(പ്രതിപക്ഷമടക്കം) ദീര്‍ഘകാലമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു തെറ്റിന്റെ അനന്തരഫലമാണിത് എന്നതിനാല്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ല. തൊഴിലാളി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരെന്നു നാം കരുതുന്ന യൂനിയനുകള്‍ മിണ്ടാതിരിക്കുന്നതോ ഇക്കഴിഞ്ഞ കാലത്ത് നടന്ന എല്ലാ തെറ്റായ നടപടികളിലും ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം നിന്നവരാണ് ഈ യൂനിയനുകള്‍ എന്നു കാണാം. ഇക്കഴിഞ്ഞ യൂനിയന്‍ അംഗീകാരത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ (റഫറണ്ടം) കാലത്തുപോലും ഭരണ, പ്രതിപക്ഷ പിന്തുണയുള്ള യൂനിയനുകള്‍ എം പാനല്‍കാര്‍ക്ക് അവരെയൊക്കെ സ്ഥിരം ജീവനക്കാരാക്കുമെന്നല്ലേ ഉറപ്പു നല്‍കിയത് പിന്നെ അവര്‍ക്കെങ്ങനെ ഇപ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ കഴിയും ഇത്ര പെട്ടെന്ന് അവര്‍ക്കെല്ലാം അല്‍ഷിമെഴ്‌സ് പിടിപെട്ടുവോ ഒരു ചെറിയ തൊഴിലാളിവിരുദ്ധ നടപടി എടുത്താല്‍, അതെത്ര നിയമപരമായാല്‍ പോലും, മിന്നല്‍ പണിമുടക്കു നടത്തി ജനങ്ങളെ നരകിപ്പിക്കുന്ന ഈ യൂനിയന്‍ സിംഹങ്ങള്‍ ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയവരായതെങ്ങനെ ബൂര്‍ഷ്വാ കോടതി തുലയട്ടെ എന്ന മുദ്രാവാക്യമൊക്കെ ഉപേക്ഷിച്ചെങ്കിലും കോടതിവിധിയാണ് നിശ്ശബ്ദതയ്ക്കുള്ള കാരണമെന്നതാണ് ന്യായമെങ്കില്‍ എത്ര കോടതിവിധികള്‍ക്കെതിരേ ഇവര്‍ യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്.
എന്തായിരുന്നു എം പാനല്‍ ജീവനക്കാരുടെ അവസ്ഥ ആറുദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ വിശ്രമം എന്ന അടിസ്ഥാന ആനുകൂല്യം പോലുമില്ലാതെ, വര്‍ഷത്തില്‍ ഒരു ഒഴിവുദിവസം പോലുമില്ലാതെ പത്തുപതിനഞ്ചു വര്‍ഷങ്ങളായി കോര്‍പറേഷനില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇക്കൂട്ടര്‍. അതും കുറഞ്ഞ കൂലിയില്‍. ഒരാനുകൂല്യവുമില്ലാതെ ഇവര്‍ അടിമപ്പണി ചെയ്യുന്നതിനെതിരേ ശക്തമായി പ്രതികരിക്കാന്‍ യൂനിയനുകള്‍ തയാറാകാതിരുന്നതെന്തുകൊണ്ട് ഈ മനുഷ്യര്‍ നടത്തിയ ഒരു സമരത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. ഇവര്‍ക്കു വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയവരൊന്നും പിന്തുണയുമായി ആ സമരവേദിയില്‍ വന്നില്ല. എന്താണ് ഈ വൈരുധ്യത്തിനു കാരണം എന്നന്വേഷിക്കുമ്പോഴാണ് ഇവരൊക്കെ കാലാകാലമായി ചെയ്തുപോരുന്ന തെറ്റുകളുടെ ഇരകളാണ് ഈ പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ എന്നറിയുക.
കെ.എസ്.ആര്‍.ടി.സി ഒരു വെള്ളാനയാണെന്നതില്‍ ആര്‍ക്കും ഒരു സംശയവുമില്ല. പൊതുപണം കൊള്ളയടിക്കുകയും പൊതുസേവനമെന്ന നിലയിലേക്ക് ഒരിക്കലും ഉയരാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നത്. ആ സ്ഥാപനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് പ്രധാനമായും അതിലെ ജോലിക്കാരാണ്. ഈ സ്ഥാപനത്തിന്റെ തലപ്പത്ത് നടക്കുന്ന അഴിമതികളും കെടുകാര്യസ്ഥതയുമാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്ന സത്യം തുറന്നുപറയാന്‍ ഒരു കക്ഷിയും തയാറാവില്ല. അതില്‍ നിര്‍ണായക തീരുമാനമെടുക്കുന്നവര്‍ ആരും പൊതുജനസൗകര്യമെന്നതിന് ഒരു പ്രാധാന്യവും നല്‍കാറില്ല. റൂട്ടുകളും സമയക്രമവും നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുന്നത് യാത്രക്കാരുടെ സൗകര്യങ്ങളല്ല. പ്രാദേശിക രാഷ്ട്രീയക്കാരുടെ മുതല്‍ യൂനിയനുകളുടെ വരെ സൗകര്യം പരിഗണിച്ച ശേഷമേ ജനതാല്‍പര്യം വരൂ. സ്വകാര്യബസുകളുടെ ഉടമസ്ഥരുമായി ഒത്തുകളിക്കുന്ന കാര്യം ഇന്നൊരു രഹസ്യമല്ല. ബസും സ്‌പെയര്‍ പാര്‍ട്‌സുകളും മറ്റും വാങ്ങുന്നതില്‍ നടക്കുന്ന കോടികളുടെ കൊള്ള പരസ്യമായ രഹസ്യമാണ്. തക്കസമയത്ത് വണ്ടികള്‍ റിപ്പയര്‍ ചെയ്യുന്നതിലെ വീഴ്ചയും നഷ്ടത്തിനുള്ള കാരണമാണ്. മാറിമാറി വരുന്ന ഭരണകക്ഷികള്‍ക്ക് ഇതൊരു സ്വര്‍ണഖനിയാണ്. അവിടെയും സര്‍വകക്ഷി സമവായമുള്ളതിനാല്‍ ആരും ഒന്നും മിണ്ടില്ല, ഒരു കേസ് പോലുമുണ്ടാവില്ല.
ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് മുമ്പുണ്ടായിരുന്ന പരാതികള്‍ ഇന്നു പറയാന്‍ കഴിയില്ല. ജനം കയറി പണം കിട്ടിയാലേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ എന്ന് ഒട്ടുമിക്ക ജീവനക്കാരും ഇന്ന് മനസ്സിലാക്കുന്നുണ്ട്. അത്രത്തോളം സേവനവും മെച്ചപ്പെട്ടിട്ടുണ്ട് എന്ന് നിരന്തരം ഈ വാഹനത്തില്‍ യാത്ര ചെയ്യുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനുമെല്ലാം അവര്‍ ശ്രദ്ധിക്കുന്നുണ്ട്.
കേരളത്തിലെ ബസ് യാത്രാനിരക്ക് നിര്‍ണയിക്കുന്നതില്‍ കോര്‍പറേഷനുള്ള പങ്കാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നതിനു സ്വകാര്യ ഉടമകളെ സഹായിക്കുന്നത്. നിരക്ക് എങ്ങനെ കൂട്ടിയാലും ഈ സ്ഥാപനം നഷ്ടമില്ലാതെയെങ്കിലും പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഉറപ്പു നല്‍കാനാവില്ല. പക്ഷെ ഭരണം ഇടതായാലും വലതായാലും ബസ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഒരു യൂനിയനും ഒരക്ഷരം മിണ്ടില്ല. അവരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കലാണല്ലോ പ്രാഥമിക ലക്ഷ്യം. പെന്‍ഷന്‍ കിട്ടാതെ നരകിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ സമരങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവിടെ കൂട്ടമരണമുണ്ടാകും. ചുരുക്കത്തില്‍ ജനങ്ങളുടെ താല്‍പര്യം എന്നതിന് അവസാന പരിഗണനയേയുള്ളൂ.
എം പാനല്‍ ജീവനക്കാരുടെ ദുരവസ്ഥയ്‌ക്കെതിരേ യൂനിയനുകള്‍ മിണ്ടാതിരുന്നതെന്തുകൊണ്ട് എന്നറിയുന്നതിനു മുമ്പ് എന്തുകൊണ്ട് മൊത്തം ജീവനക്കാരില്‍ മൂന്നിലൊന്ന് ഇങ്ങനെ തുടരുന്നതെന്ന് അറിയണം. കടം വന്നു കുത്തുപാളയെടുത്ത ഈ സ്ഥാപനം നിലനില്‍ക്കണമെങ്കില്‍ കുറഞ്ഞ കൂലിക്കു പോത്തുപോലെ പണിയെടുക്കുന്ന കുറെ മനുഷ്യര്‍ വേണമെന്ന മുതലാളിത്ത തത്വം ഇടതുവലതു ഭേദമില്ലാതെ സര്‍ക്കാരുകള്‍ അംഗീകരിക്കുകയായിരുന്നു. സുശീല്‍ ഖന്നയടക്കം പലരുടെയും പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്ന ഒരു വസ്തുത ശരാശരി ഒരു ബസിനു മറ്റു സംസ്ഥാനങ്ങളില്‍ ആറോ ഏഴോ പേരുള്ളപ്പോള്‍ കേരളത്തില്‍ അത് പതിനൊന്നും പന്ത്രണ്ടും ആണെന്നാണ്. ഇതിനു പുറമെയാണ് പെന്‍ഷന്‍ എന്ന ഭാരവും വരുന്നത്. പക്ഷെ ഇത്രയൊക്കെ ജീവനക്കാരുണ്ടായിട്ടും സ്റ്റാഫ് ഇല്ലാത്തതിനാല്‍ സര്‍വിസുകള്‍ മുടങ്ങുന്നത് ഒരു സാധാരണ സംഭവമായിരുന്നു.
ഇവിടെയാണ് യൂനിയനുകള്‍ യഥാര്‍ഥ ഇത്തിള്‍ക്കണ്ണികള്‍ ആകുന്നത്. നേതാക്കള്‍ക്കും അവര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും സൗകര്യമൊരുക്കുന്നതിനും മെയ്യനങ്ങാതെ ശമ്പളം വാങ്ങുന്നതിനുമായി അദര്‍ ഡ്യൂട്ടി പോലുള്ള രീതികള്‍ വ്യാപകമായി. ഇതിന്റെ ഫലമായി ബസില്‍ പോകുന്നവരേക്കാളധികം പേര്‍ ഓഫിസില്‍ ഇരുന്നു ജോലി ചെയ്യുന്നവരായി. ഇവര്‍ക്കൊക്കെ ചെയ്യാന്‍ എന്തെങ്കിലും പണി ഉണ്ടാക്കലായി ഡി.ടി.ഒമാരുടെ ജോലി. അതിനു തടസം നേരിട്ടാല്‍, ഒരു നേതാവിനോ അയാളുടെ സില്‍ബന്ധിക്കോ മേലനങ്ങാപ്പണി നല്‍കിയില്ലെങ്കില്‍ മിന്നല്‍ പണിമുടക്കു വരെ ഉണ്ടാകും. വലയുന്നത് ജനങ്ങളാണെന്ന തോന്നലൊന്നും ഇവര്‍ക്കില്ല. സ്ഥിരം ജോലിയും ആനുകൂല്യവുമൊക്കെ കിട്ടുന്നവര്‍ പണി ചെയ്യുന്നില്ല എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഈ പാവപ്പെട്ടവരെ എം പാനല്‍ എന്ന രീതിയില്‍ നിയമിക്കാന്‍ തുടങ്ങിയത്.
ആ നിയമനങ്ങളില്‍ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ കടന്നു കൂടിയിട്ടുണ്ട് എന്നതൊക്കെ ശരി തന്നെ. എന്നെങ്കിലും തങ്ങള്‍ക്കു സ്ഥാപനത്തില്‍ സ്ഥിരം ജോലി കിട്ടുമെന്ന, കോഴിക്ക് മുല വരുമെന്ന പോലെയുള്ള പ്രതീക്ഷ നല്‍കി കഴുതയെപ്പോലെ പണിയെടുപ്പിച്ചു. ഇന്നാട്ടിലെ നിയമങ്ങളൊക്കെ നന്നായറിയാവുന്നവരാണ് സര്‍ക്കാരും യൂനിയനുകളുമെങ്കിലും ഇവരുടെ പ്രതീക്ഷകള്‍ക്ക് അവര്‍ ജീവന്‍ നല്‍കി നിലനിര്‍ത്തിപ്പോന്നു. അതിനുള്ള കാരണം ഇവരുടെ സ്വാര്‍ത്ഥത മാത്രമായിരുന്നു. കോര്‍പറേഷന്‍ തലവന്മാര്‍ക്കും യൂനിയന്‍ നേതാക്കള്‍ക്കും സ്ഥാപനം നിലനില്‍ക്കണമെങ്കില്‍ ഇവര്‍ അനിവാര്യമാണ്. എല്ലാ വര്‍ഷവും യൂനിയനുകള്‍ ഒരു അനുഷ്ഠാനം പോലെ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്കു നടത്തുന്നുണ്ട്.
ഈ വരുന്ന ജനുവരിയിലാണ് അടുത്തത്. അതിലെ ഏറ്റവും പ്രധാന മുദ്രാവാക്യം തന്നെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നതാണ്. പക്ഷെ ഇവിടെ സമരനേതാക്കളായ ഇടതുപക്ഷം ഭരിക്കുമ്പോഴും പതിനായിരത്തോളം പേര്‍ എന്നും പുറത്താക്കപ്പെടാവുന്ന അവസ്ഥയില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷെ ഇവിടെയും മുദ്രാവാക്യത്തിന് മാറ്റമൊന്നുമില്ല.
ഉളുപ്പില്ലായ്മ എന്നതിനുള്ള നല്ല ഒരു പര്യായമായി ഇവര്‍ നിലകൊള്ളുന്നു. തങ്ങളുടെ അദര്‍ ഡ്യൂട്ടി അടക്കമുള്ളവയ്ക്ക് ഒരു തടസവും വരരുതല്ലോ. ഒരു വിഭാഗം തൊഴിലാളികളുടെ അടിമപ്പണി വഴിയായാലും തങ്ങളുടെ വരുമാനങ്ങളും സൗകര്യങ്ങളും സംരക്ഷിക്കപ്പെടണം എന്ന നിലപാട് തൊഴിലാളി വര്‍ഗത്തിനു ചേര്‍ന്നതു തന്നെ.
ഇപ്പോള്‍ വന്നിട്ടുള്ള കോടതിവിധിയനുസരിച്ച് പി.എസ്.സി പട്ടികയില്‍ നിന്ന് നിയമനം നല്‍കിയാല്‍ തന്നെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകുമെന്ന് പറയാന്‍ കഴിയില്ല. മെമോ അയച്ചതില്‍ എത്ര പേര്‍ ജോലിക്കായി എത്തിച്ചേരും, അതിനെത്ര കാലതാമസമുണ്ടാകും തുടങ്ങിയ പ്രശ്‌നങ്ങളുണ്ട്. വന്നവരെ നേരിട്ടു ബസില്‍ കയറ്റി വിടാന്‍ കഴിയില്ല, ഒരാഴ്ചയെങ്കിലും പരിശീലനം വേണം. ഇതിനൊക്കെ വരുന്ന കാലതാമസം യാത്രക്കാരെയാകും ബാധിക്കുക. വരുമാനത്തെയും ബാധിക്കും. എം പാനല്‍കാരെ മാറ്റി സ്ഥിരം ജീവനക്കാരെ വച്ചാല്‍ സാമ്പത്തികമായി സ്ഥാപനത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് തുറന്നുപറയുന്ന ഒരു ഇടതുപക്ഷ മന്ത്രിയാണ് നമുക്കുള്ളത്. ജോലിക്കാരുടെ കൂലി കുറച്ചാല്‍ മാത്രമേ സ്ഥാപനം നിലനില്‍ക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. എന്നിട്ടും ഇടതുപക്ഷമെന്നു സ്വയം വിളിക്കുകയും ചെയ്യുന്നു. അത്തരം പ്രത്യയശാസ്ത്ര വൈരുധ്യമൊന്നും ആര്‍ക്കും വിഷയമാകുന്നില്ല. ഇന്നത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ കൂലി നിരക്കില്‍ കാര്യമായ കുറവു വരുത്താതെ സ്ഥാപനങ്ങള്‍ നിലനില്‍ക്കില്ലെന്ന ലോകബാങ്ക് പോലുള്ള സംവിധാനങ്ങളുടെ നിലപാടുകളുമായി യൂനിയനുകള്‍ക്കോ ഇടതുപക്ഷമെന്നു പറയുന്ന രാഷ്ട്രീയ കക്ഷികള്‍ക്കോ ഒരു അഭിപ്രായവ്യത്യാസവുമില്ല ( മുദ്രാവക്യത്തിലൊഴിച്ച്).
ഇപ്പോള്‍ എല്ലാവര്‍ക്കും അല്‍പമെങ്കിലും എതിരാളി ആയി തോന്നുന്നത് കോടതിയാണ്. ഒറ്റനോട്ടത്തില്‍ അതില്‍ അല്‍പം ശരിയുമുണ്ട്. ഇത്രയധികം പേരെ ഒരു ദിവസത്തെ കാലതാമസം പോലുമില്ലാതെ പിരിച്ചുവിടാന്‍ അവര്‍ക്കെങ്ങനെ തോന്നി മാനുഷിക പരിഗണന എന്നൊന്ന് കോടതിക്കില്ലാതായോ പക്ഷെ മാനുഷികമായ പരിഗണനകള്‍ നല്‍കാന്‍ കോടതിയെക്കാള്‍ ബാധ്യതയുള്ള സര്‍ക്കാരിനും രാഷ്ട്രീയകക്ഷികള്‍ക്കും അതിനു കഴിയാതെ വരുന്നതെന്തുകൊണ്ട് എന്ന ചോദ്യമില്ല. കോടതികള്‍ നിലവിലുള്ള നിയമങ്ങളും അവരുടെ മുന്നില്‍ വരുന്ന തെളിവുകളും രേഖകളും വച്ചല്ലേ തീര്‍പ്പുണ്ടാക്കുക. അനേക വര്‍ഷങ്ങളായി പി.എസ്.സി പരീക്ഷയെഴുതി തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷയോടെ കഴിയുന്ന ആയിരങ്ങളുടെ ഹരജി എങ്ങനെ കോടതിക്ക് തള്ളിക്കളയാന്‍ കഴിയും അതില്‍ പലര്‍ക്കും ഇനി ഒരു പരീക്ഷ എഴുതാന്‍ കഴിയാത്തവിധത്തില്‍ പ്രായമായിരിക്കും. ഇപ്പോഴുള്ള പട്ടിക കാലഹരണപ്പെട്ടാല്‍ പിന്നെ ഒരു ജോലി എന്നത് സ്വപ്നം പോലും അല്ലാതാകും. ഈ പട്ടിക നിലവിലുള്ളപ്പോള്‍ തന്നെ എം പാനല്‍ കാരുടെ നിയമനത്തിനു പി.എസ്.സി അംഗീകാരം നല്‍കിക്കൊണ്ടിരുന്നു എന്നും ഓര്‍ക്കുക. അതാതു കാലത്തെ ഭരണകക്ഷി താല്‍പര്യമനുസരിച്ചാണ് എം പാനല്‍ കാര്‍ക്ക് നിയമനം കിട്ടിയിട്ടുള്ളത് എന്ന സത്യം കൂടി അറിയാവുന്ന കോടതി മറിച്ചൊരു തീരുമാനം എടുക്കാന്‍ വഴിയില്ല എന്ന് സര്‍ക്കാരിനും സ്ഥാപനത്തിന്റെ തലവന്മാര്‍ക്കും അറിയാവുന്നതല്ലേ അവര്‍ കോടതിയില്‍ എന്തൊക്കെ പറഞ്ഞാലും കുറഞ്ഞ കൂലിക്കു കുറേപ്പേരെ അടിമപ്പണി ചെയ്യിക്കണം എന്ന് പറയുന്നത് മാനുഷിക പരിഗണന വച്ചല്ല എന്ന് കോടതിക്കും അറിയാം.
നീതിക്കു വേണ്ടിയല്ല തങ്ങളുടെ സ്വാര്‍ഥതയ്ക്കു വേണ്ടിയാണ് സ്ഥാപനം നിലപാടെടുക്കുന്നത് എന്ന അറിവാണ് കോടതിയെ ഇത്ര പ്രകോപിപ്പിച്ചത് എന്നു വ്യക്തം. കണ്ടക്ടര്‍മാരെക്കാള്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ ഇപ്പോഴും എം പാനല്‍കാരായി ഉണ്ട്. അവരെ ഒഴിവാക്കാന്‍ കോടതി പറയുന്നില്ല. പത്തു വര്‍ഷത്തിനു മേല്‍ ജോലി ചെയ്ത എല്ലാവര്‍ക്കും കോടതി ചില ഇളവുകള്‍ നല്‍കുന്നുണ്ട്. കോടതിയെ വിമര്‍ശിക്കാമെങ്കിലും ഈ വിഷയത്തില്‍ അവരല്ല പ്രധാന പ്രതികള്‍ എന്നു കാണാം.
ഇപ്പോള്‍ എം പാനല്‍കാരുടെ സംരക്ഷകനായി സ്വയം പ്രഖ്യാപിക്കുന്ന എം.ഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളിപ്രേമമൊക്കെ ആര്‍ക്കാണറിയാത്തത് തങ്ങള്‍ തന്നെ സൃഷ്ടിച്ച ഒരു കുരുക്കില്‍ പെട്ട് ഉഴലുകയാണ് സ്ഥാപനവും സര്‍ക്കാരും. അതിന്റെ പ്രത്യക്ഷ ഇരകളാക്കപ്പെടുന്നത് പാവപ്പെട്ട കുറെ മനുഷ്യരും. ഈ വിഷയത്തില്‍ ഒരു ചാനലും ഒരു ചര്‍ച്ച പോലും നടത്തുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."