യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവം; രണ്ടുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോയില്‍ കഞ്ചാവ് വച്ചു യുവാവിനെ കുടുക്കിയ സംഘത്തെ പൊലിസ് പിടികൂടി. വേങ്ങര കാരാത്തോട് ചക്കിങ്ങത്തൊടി കബീര്‍ (28), ആലമ്പറ്റ ഭരതന്‍ (35) എന്നിവരാണ് പിടിയിലായത്. കാരാത്തോട് സ്വദേശി ഫാജിദിനെയാണ് ഓട്ടോയില്‍ കഞ്ചാവ് വച്ച ശേഷം പൊലിസിനെക്കൊണ്ട് പിടിപ്പിച്ച് കുടുക്കിയിരുന്നത്.
കേസില്‍ ഫാജിദ് നിരപരാധിയാണെന്നു പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പു കാരാത്തോട് ടൗണില്‍വച്ചാണ് വേങ്ങര പൊലിസ് ഫാജിദിന്റെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി രണ്ടേകാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തത്. കാരാത്തോട് ജങ്ഷനിലെ യുനൈറ്റഡ് ക്ലബിന്റെ ഭാരവാഹികൂടിയായ ഫാജിദിനു കഞ്ചാവുമായി ബന്ധമുണ്ടായിരിക്കില്ലെന്നു നാട്ടുകാര്‍ ഉറപ്പിച്ചുപറഞ്ഞിരുന്നു. അതോടെയാണ് പൊലിസ് വിശദമായ അന്വേഷണം നടത്തിയത്.
ഇതിലാണ് രണ്ടുപേര്‍ ചേര്‍ന്ന് കഞ്ചാവ് ഓട്ടോയില്‍ കൊണ്ടുപോയി വച്ചതാണെന്നു വ്യക്തമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ എസ്.ഐ ജ്യോതീന്ദ്രകുമാര്‍, അഡീഷനല്‍ എസ്.ഐമാരായ ആന്റണി, സി.പി മുരളീധരന്‍, സതീഷ്, അസൈനാര്‍, ഉദ്യോഗസ്ഥരായ ശശികുമാര്‍, കൃഷ്ണകുമാര്‍, മനോജ്കുമാര്‍, പ്രതീപ്, സുനില്‍, ഫാസില്‍ കുരിക്കള്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടി കേസിന്റെ തുടരന്വേഷണം നടത്തുന്നത്.
കാരണം 'ഫുട്‌ബോള്‍ വൈരാഗ്യം'
പെരിന്തല്‍മണ്ണ: ഓട്ടോറിക്ഷയില്‍ കഞ്ചാവ് ഒളിപ്പിച്ചു യുവാവിനെ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യം. മാര്‍ച്ചില്‍ യുനൈറ്റഡ് ക്ലബിനു കീഴില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കവും സോഷ്യല്‍മീഡിയാ ഹര്‍ത്താലിനെ തുടര്‍ന്നു വണ്ടി തടഞ്ഞതുമായി ബന്ധപ്പെട്ട അടിപിടിയുമാണ് വൈരാഗ്യത്തിനു കാരണമായത്.
കഞ്ചാവ് കേസില്‍ പ്രതിയായതോടെ ഫാജിദ് ഏഴു ദിവസം ജയിലില്‍ കിടന്നു. എന്നാല്‍, നാട്ടുകാരും കൂട്ടുകാരും നല്‍കിയ പിന്തുണയില്‍ കൃത്യമായ തെളിവുകള്‍ ശേഖരിച്ചും നൂറിലധികം സമീപവാസികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുമാണ് യഥാര്‍ഥ പ്രതികളെ പൊലിസ് വലയിലാക്കിയത്. കേസില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."