ജലമാമാങ്കം
1952 ഡിസംബര്‍ 27. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. അന്നു വേമ്പനാട്ടുകായലിലെ ആര്യാട് മണ്‍റോത്തുരുത്തു മുതല്‍ വിളക്കുമാടം വരെ കൊടിതോരണങ്ങളാലലങ്കൃതമായിരുന്നു.
പ്രദേശം ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞു. ആര്‍പ്പോ... ഇര്‍ര്‍ര്‍റോ വിളികള്‍ കായല്‍പ്പരപ്പില്‍ മുഖരിതമായി. ഡൊറോത്തി എന്ന ജലനൗകയില്‍ പൈജാമയും കുര്‍ത്തയും ഗാന്ധിത്തൊപ്പിയും ഷൂസും ധരിച്ച ഒരു വിശിഷ്ടാതിഥി ബോട്ടില്‍ നിന്നു മണ്ഡപത്തിലേക്കു ചാടിക്കയറി. ജനം ആര്‍ത്തുവിളിച്ചു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു കീ ജയ്... ചാച്ചാ നെഹ്‌റുവിന് കുട്ടനാടിന്റെ ഹൃദയത്തില്‍ തൊട്ടറിഞ്ഞ സ്വീകരണമാണ് ലഭിച്ചത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി മകള്‍ ഇന്ദിരയും കൊച്ചുമക്കള്‍ രാജീവും സഞ്ജയും നെഹ്‌റുവിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായി കരുതി അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെ എത്തിച്ച് യാത്രയാക്കുകയായിരുന്നു.
അംഗീകാരവും നെഹ്‌റു ട്രോഫിയും
വള്ളംകളിയുടെ വീറും വാശിയും ആസ്വദിച്ച് ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം നെഹ്‌റു സ്വന്തം കൈയൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍വള്ളത്തിന്റെ മാതൃക കൊല്ലം പേഷ്‌ക്കാര്‍ എന്‍.കെ ചെല്ലപ്പന്‍നായരുടെ പേരില്‍ സംഘാടകര്‍ക്ക് അയച്ചുകൊടുത്തു. ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കുന്ന ട്രോഫി. തുടക്കത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫിക്കു വേണ്ടിയുള്ള വള്ളംകളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1969 ജൂണ്‍ ഒന്നിന് ചേര്‍ന്ന വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവു കാരണം നെഹ്‌റു ട്രോഫി എന്നാക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജലമേളയെന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി ഇപ്പോള്‍ ഓണത്തിന് മുന്നോടിയായി എല്ലാവര്‍ഷവും ഓഗസ്റ്റിലെ രണ്ടാംശനിയാഴ്ച പുന്നമടക്കായലില്‍ നടത്തുന്നു.
വിവിധയിനം വള്ളങ്ങള്‍
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് പുന്നമടക്കായലില്‍ പ്രധാനമെങ്കിലും ഓടി (ഇരുട്ടുകുത്തി) വെപ്പ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരരംഗത്തിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. ഇവയ്ക്കും പുറമെ തെക്കന്‍ ഓടി, തണ്ടുവള്ളം, ചെറുവള്ളങ്ങള്‍ തുടങ്ങി വിവിധയിനം വള്ളങ്ങള്‍ വള്ളംകളിക്കായി ഉപയോഗിക്കാറുണ്ട്. ഇവയില്‍ ഏറ്റവും വലുത് ചുണ്ടന്‍വള്ളമാണ്.
ചുണ്ടന്‍ വള്ളം
ജലോത്സവങ്ങളിലെ രാജാക്കന്മാരാണ് ചുണ്ടന്‍വള്ളങ്ങള്‍. പത്തി ഉയര്‍ത്തിനില്‍ക്കുന്ന കരിനാഗങ്ങളെപ്പോലെയാണ് ചുണ്ടന്‍വള്ളങ്ങളുടെ രൂപഘടന. രാജകീയ നൗകകളായിരുന്നു ചുണ്ടന്‍വള്ളങ്ങള്‍. ആദ്യ കാലഘട്ടത്തില്‍ മത്സരവള്ളങ്ങള്‍ ആയിരുന്നില്ല, യുദ്ധസാഹചര്യങ്ങളിലെ പടക്കപ്പലായിരുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 100 മുതല്‍ 158 അടി വരെ നീളംവരും. വള്ളത്തിന്റെ പിന്‍ഭാഗം ജലനിരപ്പില്‍ നിന്ന് 20 അടി ഉയരത്തിലായിരിക്കും. ആഞ്ഞിലിത്തടി ഉപയോഗിച്ചാണ് ചുണ്ടന്‍വള്ളങ്ങള്‍ നിര്‍മിക്കുന്നത്.
ഇരുട്ടുകുത്തി (ഓടി)
രാജാക്കന്മാരുടെ യാത്രകളില്‍ അകമ്പടി വള്ളമായി ഉപയോഗിച്ചിരുന്നവയാണ് ഇരുട്ടുകുത്തി വള്ളങ്ങള്‍. വടക്കന്‍ ഓടി എന്നും അറിയപ്പെടുന്നു. ജലനിരപ്പില്‍ ചേര്‍ന്നുകിടക്കുന്ന ഇവ ഇരുട്ടിന്റെ മറപറ്റി ആക്രമിക്കുന്നതിനാലാണ് ഇവയ്ക്ക് ഇരുട്ടുകുത്തി എന്ന പേരുവന്നത്. 85 അടി വരെ നീളമുള്ള വള്ളത്തില്‍ 60ഓളം പേര്‍ക്ക് കയറാം.
വെപ്പുവള്ളം
യുദ്ധമേഖലയില്‍ പടക്കപ്പലുകളായി ചുണ്ടന്‍വള്ളങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ തുഴക്കാര്‍ക്കും ഭടന്മാര്‍ക്കും ഭക്ഷണം വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വള്ളങ്ങളാണ് ഇവ.
പരുന്തുവാലന്‍ എന്നും വിളിപ്പേരുള്ള ഈ നൗകയില്‍ 30 മുതല്‍ 35 വരെ തുഴക്കാര്‍ക്ക് കയറാം.
ചുരുളന്‍
അമരവും അണിയവും ഒരുപോലെ ചുരുളുകളോടുകൂടിയ ചെറുവള്ളമാണ് ചുരുളന്‍. വള്ളംകളിയില്‍ സ്ത്രീകളും വിദ്യാര്‍ഥികളുമാണ് ഇത് ഉപയോഗിക്കാറുള്ളത്. വേഗത്തില്‍ കുതിച്ചുപായാന്‍ കഴിയുന്ന ഇവയില്‍ 30ഓളം പേര്‍ക്ക് കയറാം.
തണ്ടുവള്ളം
വള്ളത്തിന്റെ ഇരുവശത്തും വട്ടപ്പങ്കായം ഉറപ്പിച്ച വള്ളങ്ങളാണ് തണ്ടുവള്ളങ്ങള്‍. രാജാക്കന്മാരുടെ യാത്രാവള്ളങ്ങളാണിവ. ചെറുവള്ളങ്ങള്‍, കൊതുമ്പുവള്ളങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഇവ കുട്ടനാട്ടിലെ നാട്ടുകാര്‍ യാത്രയടക്കം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പത്തോളം പേര്‍ക്കു കയറാവുന്ന ഈ വള്ളങ്ങള്‍ കേരളത്തിലെ ജലമേളകളിലെ നിറസാന്നിധ്യമാണ്.
അമരവും അണിയവും
വള്ളവുമായി ബന്ധപ്പെട്ടുണ്ടായ വാക്കാണ് അമരക്കാരന്‍ എന്നത്. നേതാവ് എന്നാണ് ഈ വാക്കിനര്‍ഥം. വള്ളത്തിന്റെ പിന്നറ്റത്തായി ഉയര്‍ന്നുകാണുന്ന ഭാഗമാണ് അമരം. വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക ഈ ഭാഗത്തു നില്‍ക്കുന്നവരാണ്.
വള്ളത്തിന്റെ മുന്‍ഭാഗത്തിന്റെ പേരാണ് അണിയം. അണിയത്തിരിക്കുന്നവരാണ് വേഗത നിയന്ത്രിക്കുന്നത്.
അമരവും അണിയവും വെടിത്തടിയുമെല്ലാം പ്രത്യേകമായി രൂപപ്പെടുത്തുന്നവയാണ്.
ആറന്മുള ജലമേള
ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മത്സരത്തിനിറങ്ങുന്ന ജലമേളയാണ് ആറന്മുള വള്ളംകളി. ഇതില്‍ പങ്കെടുക്കുന്ന ചുണ്ടന്‍വള്ളങ്ങള്‍ പള്ളിയോടങ്ങള്‍ എന്ന പേരിലാണറിയുന്നത്.
തിരുവാറന്മുളയപ്പനു സമര്‍പ്പിക്കപ്പെട്ട വള്ളം എന്ന അര്‍ഥത്തിലാണ് പള്ളിയോടം എന്നു വിളിക്കപ്പെടുന്നത്. പാര്‍ഥസാരഥിയുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നവയാണ് പള്ളിയോടങ്ങള്‍ എന്നതിനാല്‍ വളരെ ബഹുമാനത്തോടെയാണ് ഭക്തര്‍ അവയെ കാണുന്നത്.
മുപ്പത്തിയാറേ കാല്‍ കോല്‍ മുതല്‍ നാല്‍പ്പത്തിയൊന്നേ കാല്‍ കോല്‍ വരെ ഇവയ്ക്ക് നീളംവരും. എന്നാല്‍ ചുണ്ടന്‍വള്ളങ്ങളില്‍ നിന്നു പള്ളിയോടങ്ങള്‍ വ്യത്യസ്തമാണ്. ഉയര്‍ന്ന അമരവും അണിയവും ഇടയില്‍ വെടിത്തടിയും നെടുനീളത്തില്‍ നടപ്പടിയും ഇതിനുണ്ട്.
വള്ളത്തില്‍ വഞ്ചിപ്പാട്ട് പാടുന്നവര്‍ക്കുള്ള സ്ഥലമാണ് വെടിത്തടി. പള്ളിയോടത്തിന്റെ അമരം ജലനിരപ്പില്‍ നിന്ന് 18 അടി വരെയും അണിയം 7.5 അടി വരെയും ഉയര്‍ന്നുനില്‍ക്കുന്നു. അനുഷ്ഠാന തനിമയ്ക്കും വഞ്ചിപ്പാട്ടിനും ജലഘോഷ യാത്രയ്ക്കുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
കാരിച്ചാലും യു.ബി.സിയും
അറുപതുകളുടെ അവസാനത്തിലാണ് ജലഘോഷയാത്ര നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായത്. 1976ല്‍ യു.ബി.സി കൈനകരിയുടെ ആഭിമുഖ്യത്തില്‍ മാസ്ഡ്രില്‍ വള്ളം കളിയോടനുബന്ധിച്ച് തുടങ്ങി. 1980കളുടെ ഒടുവിലാണ് നെഹ്‌റു ട്രോഫി വള്ളംകളി ലോകശ്രദ്ധ നേടിയത്.
പ്രധാന ജലമാമാങ്കങ്ങള്‍
ജലോത്സവങ്ങള്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേളകള്‍ കൂടിയാണ്. ഓണക്കാലം ജലോത്സവങ്ങളുടെ കാലം കൂടിയാണ്. നെഹ്‌റു ട്രോഫി വള്ളംകളി, ആറന്മുള ഉത്രട്ടാതി വള്ളംകളി, ചമ്പക്കുളം മൂലം വള്ളംകളി, കല്ലട ജലോത്സവം, പായിപ്പാട്ട് ജലോത്സവം, നീരേറ്റുപുറം പമ്പാ ജലോത്സവം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ജലമാമാങ്കങ്ങള്‍.
ലോകചരിത്രത്തില്‍
ലോകചരിത്രത്തില്‍ ആദ്യത്തെ ജലമത്സരം നടന്നത് 5000 വര്‍ഷം മുന്‍പ് ഗ്രീസിലെ ഏതന്‍സിലാണ്. പിന്നീട് വെനീസിനു ചുറ്റുമായി ജലമാമാങ്കം കേന്ദ്രീകരിച്ചു. പങ്കായം കൊണ്ട് ജാലവിദ്യകള്‍ കാട്ടിയിരുന്ന റോമക്കാരില്‍ നിന്ന് ഈ കായികവിദ്യ ലോകത്തെമ്പാടും പ്രചരിച്ചു.
സിംഗപ്പൂരിലെ ഡ്രാഗണ്‍റേസ്, തായ്‌ലന്റിലെ ബാങ്കോക്കില്‍ നടക്കുന്ന ജലമേള, നോര്‍വെയിലെ സ്‌നേക്ക് ബോട്ടും വള്ളംകളിയും, മിനിക്കോയ് ദ്വീപിലെ വള്ളംകളികള്‍ എന്നിവ ഇന്നു ലോകശ്രദ്ധ പിടിച്ചുപറ്റിയ വിനോദ പരിപാടികളാണ്.
ഇന്ത്യയില്‍ സിന്ധു നദീതട സംസ്‌കാരത്തിന് മുന്‍പുതന്നെ ജലകേളികള്‍ നടന്നിട്ടുണ്ടെന്നാണ് ചരിത്രം. അജന്തയിലെ ചുവര്‍ചിത്രങ്ങളില്‍ പായ്ക്കപ്പലുകള്‍ കാണുന്നുണ്ട്. ഗ്രീക്ക് വ്യാപാരി രചിച്ച 'ചെങ്കടലിലൂടെ ഒരു പര്യടനം' എന്ന ഗ്രന്ഥത്തില്‍ കേരളത്തിലെ നൗകകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ചുണ്ടന്‍ വള്ളങ്ങളുടെ രാജശില്‍പി
വള്ളങ്ങളുടെ നിര്‍മാണവും രൂപഘടനയും മത്സരവിജയത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. വള്ളം നിര്‍മാണത്തിലെ രാജശില്‍പിയായി കണക്കാക്കുന്നത് കുട്ടനാട്ടിലെ എടത്വക്കു സമീപം കോഴിമുക്ക് ഓടാശ്ശാരി തെക്കേപറമ്പില്‍ വീട്ടില്‍ നാരായണന്‍ ആചാരിയെയാണ്. ആലപ്പുഴ നെഹ്‌റു ട്രോഫി 39 തവണയും വിജയിച്ചിട്ടുള്ളത് ആചാരി പണിതിറക്കിയ വള്ളങ്ങളായിരുന്നു.
1952ല്‍ പുന്നമടക്കായലിലെ വള്ളംകളി കണ്ട് ആവേശഭരിതനായി നെഹ്‌റു ചാടിക്കയറിയ നടുഭാഗം ചുണ്ടന്‍ പുതുക്കിപ്പണിയാനുള്ള നിയോഗം ലഭിച്ചതും ഇദ്ദേഹത്തിനാണ്. ഡബിള്‍ ഹാട്രിക് ഉള്‍പ്പെടെ 14 വിജയങ്ങളുമായി ചരിത്രത്തില്‍ ഇടം നേടിയ കാരിച്ചാലിന്റെ ശില്‍പിയും ആചാരി തന്നെ. ചരിത്രപ്രസിദ്ധമായ ആറന്മുള തിരുവോണത്തോണിയും കോഴഞ്ചേരി, കീഴുകര, നെല്ലിക്കല്‍ പള്ളിയോടങ്ങളും അനേകം വെപ്പുവള്ളങ്ങളും ഈ ശില്‍പ്പിയുടെ കരവിരുത് തെളിയിക്കുന്നവയാണ്. ആഞ്ഞിലി മരംകൊണ്ടാണ് വള്ളങ്ങള്‍ നിര്‍മിക്കുന്നത്. ചുണ്ടന്‍വള്ളത്തിന്റെ നിര്‍മാണച്ചെലവ് 50 ലക്ഷം രൂപയോളം വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."