യമന്‍ തീരത്ത് സൊമാലിയ, എത്യോപ്പ്യ കുടിയേറ്റക്കാര്‍ മുങ്ങി മരിച്ചു
റിയാദ്: ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, എത്യോപ്പ്യ എന്നിവിടങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ യമന്‍ തീരത്ത് മുങ്ങി മരിച്ചു. ഐക്യ രാഷ്ട്ര സഭ കുടിയേറ്റ ഏജന്‍സിയാണ് മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന വാര്‍ത്ത പുറത്തു വിട്ടത്.
ഏകദേശം അന്‍പതോളം ആളുകളാണ് മുങ്ങി മരിച്ചതെന്നും സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വ രഹിതമാണെന്നും ഏജന്‍സി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കടത്തുന്ന സംഘത്തലവന്‍ യമന്‍ തീരത്തെത്തിയപ്പോള്‍ ഇവരോട് കടലില്‍ ചാടി രക്ഷപ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നു രക്ഷപ്പെട്ട ചിലരെ ഉദ്ധരിച്ചു യു എന്‍ ഏജന്‍സി വെളിപ്പെടുത്തി.
യമനിലെ ശബ്‌വ തീരത്ത് ആഴമില്ലാത്ത 29 കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രെഷന്‍സ് സ്റ്റാഫേഴ്‌സ് (ഐഒഎം) പറഞ്ഞു. തീരപ്രദേശത്തെ പട്രോളിംഗിനിടെയാണ് ഇവ കണ്ടെത്തിയതെന്ന് ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നീന്തി രക്ഷപ്പെട്ടവര്‍ തന്നെയാണ് ഇവരെ അടക്കം ചെയ്തത്. 22 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയിട്ടില്ലെന്നും ഏകദേശം 16 വയസ്സ് പ്രായമുള്ളവരാണ് കുടിയേറ്റക്കാരെന്നും ഐ ഒ എം വെളിപ്പെടുത്തി.
ബുധനാഴ്ച്ച രാവിലെ യമന്‍ തീരത്തോടടുത്തപ്പോള്‍ ബോട്ടിലുണ്ടായിരുന്ന 120 യാത്രക്കാരോടും നിര്‍ബന്ധ പൂര്‍വ്വം കര ലക്ഷ്യമാക്കി ചാടി രക്ഷപ്പെടാന്‍ ഏജന്റ് ആവശ്യപ്പെടുകയായിരുന്നു.
കരയിലേക്ക് അടുക്കുമ്പോള്‍ പട്രോളിംഗ് സംഘത്തെ കണ്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്താന്‍ ഏജന്റ് മുതര്‍ന്നതെന്ന് യമനിലെ ഐ ഒ എം ചീഫ് ലോറന്റ് ഡി ബോക്ക് പറഞ്ഞു.
ഇടനിലക്കാരനായ കള്ളകടത്തുകാരന്‍ സോമാലിയയയിലേക്ക് തന്നെ തിരിച്ചതായും ഇനിയും ആളുകളെ ഇതേ രീതിയില്‍ തന്നെ കൊണ്ട് വരുമെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവശ നിലയില്‍ കണ്ടെത്തിയ 27 അനധികൃത കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയായി ഏകദേശം 55,000 അനധികൃത കുടിയേറ്റക്കാര്‍ യമന്‍ ലക്ഷ്യമാക്കി ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും എത്തിയിട്ടുണ്ടെന്നും ഭൂരിഭാഗവും സൊമാലിയ, എത്യോപ്യ രാജ്യങ്ങളില്‍ നിന്നുമാണെന്നും ആണെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ മൂന്നിലൊന്നും സ്ത്രീകളുമാണെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കന്‍ മുനമ്പിനും യെമനും ഇടയിലുള്ള കടലിലെ ജലപാത അനധികൃത കുടിയേറ്റക്കാരുടെ യാത്രക്ക് പ്രസിദ്ധമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അനധികൃത കുടിയേറ്റം ലക്ഷ്യമാക്കിയാണ് ഈ പാത ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിലവില്‍ ശക്തമായ കാറ്റ് വീശുന്നതും ഇത്തരത്തില്‍ കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്ക് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും യു എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."