വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപ നഷ്ടമായതായി പരാതി
കഴക്കൂട്ടം: മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കണിയാപുരം ശാഖയില്‍ നിക്ഷേപിച്ചിരുന്ന തുകയില്‍ നിന്ന് 1,16,000 രൂപ നഷ്ടമായതായി പരാതി. നവംബര്‍ 26 തൊട്ട് ഡിസംബര്‍ 12 വരെ 15 തവണകളായിട്ടാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ശ്രീദേവി ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്കും സൈബര്‍ സെല്ലിനും, ബാങ്ക് അധികൃതര്‍ക്കും നല്കിയ പരാതിയില്‍ പറയുന്നു. ബാങ്ക് നല്കിയ സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ഇ-പേമെന്റിലൂടെ മുംബൈയില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ആറ്റിന്‍കുഴിയില്‍ പേയിങ് ഗെസ്റ്റ് നടത്തുകയാണ് ശ്രീദേവി. വിദേശത്തുള്ള മകന് പലപ്പോഴായി ശ്രീദേവിയുടെ അക്കൗണ്ടിലേക്ക് അയച്ച തുകയാണ് നഷ്ടമായത്. പണം പിന്‍വലിക്കുന്ന മെസേജ് അപ്പോഴപ്പോഴായി ഫോണില്‍ വന്നിരുന്നെങ്കിലും ഇതൊന്നും മനസിലാക്കാന്‍ ശ്രീദേവിക്ക് കഴിഞ്ഞില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം മെസേജുകള്‍ തന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായിട്ടുള്ളവരെ കാണിച്ചപ്പോഴാണ് പണം നഷ്ടമായ വിവരങ്ങള്‍ ശ്രീദേവി അറിയുന്നത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ക്കും ആറ്റിങ്ങള്‍ ഡിവൈ.എസ്.പി, തിരുവനന്തപുരം സൈബര്‍ സെല്‍ എന്നിവര്‍ക്ക് പരാതി നല്കി. പണം നഷ്ടമായതിനെ കുറിച്ച് വ്യക്തമാക്കാന്‍ ബാങ്ക് അധികൃതര്‍ തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."