മട്ടന്നൂരില്‍ ഇക്കുറിയും ബി.ജെ.പിക്ക് അക്കൗണ്ടില്ല
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റമുണ്ടായപ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും കനത്ത തിരിച്ചടി. നാലുസീറ്റില്‍ വിജയപ്രതീക്ഷ പുലര്‍ത്തിയ ബി.ജെ.പിക്ക് ഒന്‍പതു വാര്‍ഡുകളിലെ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. യു.ഡി.എഫിനാണ് ഈ വാര്‍ഡുകളില്‍ വിജയം. മെഡിക്കല്‍ കോഴ വിവാദവും ഗ്രൂപ്പിസവുമാണ് ബി.ജെ.പിക്കു തിരിച്ചടിയായത്. കരേറ്റ ഉള്‍പ്പെടെ നാലു വാര്‍ഡുകളില്‍ വിജയിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ അവകാശവാദം. എന്നാല്‍, മണ്ഡലം സെക്രട്ടറിയെ നിയോഗിച്ചതുമായുള്ള തര്‍ക്കം പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളെ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചു.
തെരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോഴും പ്രാദേശിക നേതാക്കളില്‍ ചിലര്‍ കളത്തിലിറങ്ങിയില്ല. കേന്ദ്ര നേതാക്കളടക്കം പ്രചരണത്തിനിറങ്ങുമെന്നു പ്രഖ്യാപിച്ചെങ്കിലും എത്തിയിരുന്നില്ല. എന്നാല്‍, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എം.എല്‍.എയും മട്ടന്നൂരിലെത്തി നിരവധി പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
മെഡിക്കല്‍ കോഴ വിവാദത്തില്‍പ്പെട്ട് വെള്ളംകുടിച്ച ബി.ജെ.പി നേതൃത്വത്തിനു മട്ടന്നൂരില്‍ കാര്യമായ പ്രവര്‍ത്തനം നടത്താനായില്ല. കായലൂര്‍, കോളാരി, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കരേറ്റ, ദേവര്‍കാട്, മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍, മേറ്റടി എന്നിവിടങ്ങളിലാണു ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തിയത്. ഇതില്‍ ഇടവേലിക്കലില്‍ കേവലം 34 വോട്ടും അയ്യല്ലൂരില്‍ 90 വോട്ടും നേടിയാണു രണ്ടാമതെത്തിയത്. ഇടവേലിക്കലില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യു.ഡി.എഫിന് കേവലം 29 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ.
നഗരസഭയില്‍ നടന്ന വാര്‍ഡ് വിഭജനമാണു തകര്‍ച്ചയുടെ ആഴംകൂട്ടിയതെന്നു യു.ഡി.എഫ് പറയുന്നു. കോണ്‍ഗ്രസിനു നാലും മുസ്‌ലിംലീഗിന് മൂന്നും സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പിക്ക് നല്ല സ്വാധീനമുള്ള നഗരസഭകളിലൊന്നാണു മട്ടന്നൂര്‍. ജില്ലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന ചില പ്രദേശങ്ങളും നഗരസഭയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."