അശരണര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
അലനല്ലൂര്‍: ഉടുക്കാന്‍ വസ്ത്രമില്ലാതെ വിഷമിക്കന്നവര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍ 'അവരും ഉടുക്കട്ടെ' ജീവ കാരുണ്യപദ്ധതിയിലൂടെ ഒന്നേ കാല്‍ ടണ്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കി വിദ്യാര്‍ഥികള്‍ നന്മയുടെ പുതിയ പാഠങ്ങള്‍ തീര്‍ത്തു. സ്‌കൂള്‍ പി.ടി.എ കമ്മറ്റി, സ്‌കൂള്‍ മന്ത്രിസഭ എന്നിവ സംയുകതമായി മലപ്പുറം ജില്ലയിലെ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഷെല്‍ട്ടര്‍ ഇന്ത്യ' എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഡ്രസ് ബാങ്ക് വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും ഒരേ മനസോടെ പദ്ധതിക്കായി കൈകോര്‍ത്തു. ദൂരസ്ഥലത്തു നിന്നുവരേ ആളുകള്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് മൂച്ചിക്കല്‍ സ്‌കൂളില്‍ എത്തിച്ചു. എടത്തനാട്ടുകര കോട്ടപ്പള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ് യൂനിറ്റ്, എടത്തനാട്ടുകര കോട്ടപ്പള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, കോട്ടപ്പള്ള ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നിവര്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് മൂച്ചിക്കല്‍ സ്‌കൂളില്‍ എത്തിച്ചു.
ലവ് ആന്‍ഡ് സെര്‍വ് വളന്റിയര്‍ മുഹമ്മദാലി പോത്തുകാടന്‍ പെരിന്തല്‍മണ്ണ വാണിജ്യ നികുതി ഓഫിസുകളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കി പദ്ധതിക്ക് കൈത്താങ്ങേകി. സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന വസ്ത്ര കൈമാറ്റ പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സി. മുഹമ്മദാലി അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, പി.ടി ഉഷ, എസ്.എം.സി ചെയര്‍മാന്‍ പി. രഞ്ജിത്ത്, കോട്ടപ്പള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍ സി. സിദ്ധീഖ്, സീനിയര്‍ അസിസ്റ്റന്റ് സി.കെ ഹസീനാ മുംതാസ്, അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക എ. സതീ ദേവി, അധ്യാപകരായ എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, ഇ. ഷബ്‌ന, ടി.പി മുഫീദ, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, കെ. ദേവകി, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, ഡെപ്യുട്ടി ലീഡര്‍ സി. അനഘ, സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദ, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. ശേഖരിച വസ്ത്രങ്ങള്‍ മലപ്പുറം പുളിക്കല്‍ ഷെല്‍ട്ടര്‍ ഇന്ത്യയുടെ ഡ്രസ് ബാങ്ക് വിഭാഗത്തിന് എത്തിച്ചു കൊടുത്തു.
വലിപ്പക്കുറവിന്റെ പേരിലോ, ഇഷ്ടമല്ലാത്ത നിറത്തിലായതിനാലോ, ഫാഷന്‍ മാറിയതിന്റെ കാരണത്താലോ വീടുകളില്‍ മാറ്റി വെച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് 'അവരും ഉടുക്കട്ടെ' പദ്ധതി. പദ്ധതിയുടെ ഭാഗമായിശേഖരിച്ച വസ്ത്രങ്ങള്‍ ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്‍മാര്‍നമ്മുടെ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി നേരിട്ട് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."