അറുപതിനായിരം രൂപയ്ക്ക് ബാറ്ററി ജീപ്പ്; കാളകുത്തന്‍ ഷെബീബ് ശ്രദ്ധേയനാകുന്നു
തൊടുപുഴ: അറുപതിനായിരം രൂപയ്ക്ക് ഒരു ബാറ്ററി ജീപ്പ്. അത്ഭുതം തോന്നുന്നുവെങ്കില്‍ പട്ടയംകവല വടക്കേയില്‍ (കാളകുത്തന്‍) വി.എം. ഷെബീബിന്റെ വീട്ടില്‍ എത്തിയാല്‍ ഇത് നേരില്‍ കാണാം. ഏറെ ആകര്‍ഷണീയമാണ് ഷെബീബിന്റെ കുഞ്ഞന്‍ വാഹനം. മൂന്ന് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 40 കിലോമീറ്റര്‍ ദൂരം ഓടിക്കാവുന്ന ജീപ്പ് നാല് മാസം കൊണ്ടാണ് നിര്‍മ്മിച്ചത്.
അലൂമിനിയം പ്ലാറ്റ്‌ഫോമും മെറ്റല്‍ ബോഡിയും ആയി നിര്‍മ്മിച്ച വാഹനത്തിന്റെ ഭാരം 120 കിലോഗ്രാമാണ്. 12 വോള്‍ട്ട് ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ എഞ്ചിന്‍. മൂന്ന് ഫോര്‍വേഡ് ഗിയറും ഒരു റിവേഴ്‌സ് ഗിയറുമുണ്ട്. 40 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയും.
എല്‍.ഇ.ഡി ഹെഡ് ലൈറ്റ്, റിവേഴ്‌സ് ലൈറ്റ്, ഹോണ്‍ തുടങ്ങിയവയെല്ലാം ഈ വാഹനത്തിനുണ്ട്. ആറടി നീളവും മൂന്നടി വീതിയും നാലരയടി ഉയരുമാണ് വാഹനത്തിന്.
ഇലക്ട്രിക് സ്‌ക്കൂട്ടറിന്റെ യന്ത്രസാമഗ്രികളാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സുഹൃത്തും വെല്‍ഡിംഗ് ലെയ്ത്ത് ഉടമയുമായ എ.വി. മനോജിന്റെ സഹായത്തോടെയാണ് ഫാബ്രിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. വീടിന് മുകളിലെ ടെറസിലാണ് നിര്‍മ്മാണ ജോലികള്‍ നടത്തിയത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി വാഹനം നിരത്തിലിറക്കി ഓടിച്ചപ്പോഴാണ് അയല്‍ക്കാര്‍ വരെ വാഹനം കാണുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ ബാറ്ററി വാഹനം നിര്‍മ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷെബീബ് സുപ്രഭാതത്തോട് പറഞ്ഞു.
ഫൈബര്‍ ബോഡിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റത്തോടെ അടുത്ത വാഹനം ഇറക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു ഈ യുവാവ്. പ്രമുഖ ഡിറ്റര്‍ജെന്റ് ബ്രാന്റായ ഡിഷ് ഗോള്‍ഡ്, ഡിഷ് വാഷ് നിര്‍മ്മാതാവ് കൂടിയാണ് ഷെബീബ്.
തൊടുപുഴ പട്ടയംകവല വടക്കേയില്‍ പരേതനായ വി.കെ. മുഹമ്മദ് (രാജപ്പന്‍) - ഷംസുമ്മ ദമ്പതികളുടെ മകനാണ് ഈ 39 കാരന്‍. ഭാര്യ ഫാബി ഷെബീബ്. ആരിഫ, ഇഷ, മുഹമ്മദ് എന്നിവര്‍ മക്കളാണ്. സ്വര്‍ണ്ണം നല്ലെണ്ണ ഉടമ ജാഫറിന്റെ ഭാര്യ നിഷു ജാഫര്‍ ഏക സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."