സഊദിയിലെ ഏക എസ്.ബി.ഐ ശാഖ അടച്ചുപൂട്ടുന്നു
റിയാദ്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഊദിയിലെ ശാഖ അടച്ചുപൂട്ടാന്‍ നല്‍കിയ അപേക്ഷ സ്വീകരിച്ചതായി സഊദി മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. നിയമാനുസൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചും ഉപയോക്താക്കളുടെയും നിക്ഷേപകരുടെയും അവകാശങ്ങള്‍ കണക്കിലെടുത്തും സഊദിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് എസ്.ബി.ഐക്കു അനുമതി നല്‍കിയതായി സാമ വ്യക്തമാക്കി.
നിയമം ഉറപ്പു വരുത്തുന്ന അവകാശങ്ങള്‍ ലഭിക്കാതെ വരുന്ന പക്ഷം ഇടപാടുകാരും നിക്ഷേപകരും സെന്‍ട്രല്‍ ബാങ്കിന് പരാതി നല്‍കണമെന്നും ഇതിനായി 8001256666 എന്ന ടോള്‍ ഫ്രീ നമ്പറോ സാമ വെബ്‌സൈറ്റ് വഴിയോ ഉപയോഗിക്കാമെന്നും സഊദി മോണിറ്ററി അതോറിറ്റി വ്യതമാക്കി.
2005 ഒക്‌ടോബര്‍ മൂന്നിനാണ് സഊദിയില്‍ ശാഖാ തുടങ്ങുന്നതിനു എസ്.ബി.ഐക്ക് സാമ അനുമതി നല്‍കിയത്. സഊദി ഇന്ത്യക്കാര്‍ക്ക് ഏറെ പ്രതീക്ഷയോടെയാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ലോകത്തെങ്ങുമുള്ള എസ്.ബി.ഐയുടെ ശാഖകള്‍ പുനര്‍ വിന്യസിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് സഊദിയിലെ ഏക ബ്രാഞ്ചായ ജിദ്ദയിലെ ശാഖയും അടച്ചു പൂട്ടുന്നത്. സഊദി മോണിറ്ററി അതോറിറ്റി അനുമതി നല്‍കിയ സ്ഥിതിക്ക് ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നാണറിയുന്നത്. ശാഖ പൂട്ടുന്നതിന്റെ കാരണം വ്യക്തമല്ല.
നിലവിലെ സഊദിയിലെ അവസ്ഥയില്‍ ശാഖകള്‍ തുടങ്ങാന്‍ കൂടുതല്‍ വിദേശ ബാങ്കുകള്‍ അപേക്ഷ സമര്‍പ്പിച്ചു അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഇന്ത്യയുടെ എസ്.ബി.ഐ തങ്ങളുടെ ബ്രാഞ്ച് അടച്ചു പൂട്ടുന്നത്. രാജ്യത്തു വിദേശ ബാങ്കുകളുടെ 14 ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സഊദിയില്‍ കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ മറ്റൊരു വിദേശ ബാങ്ക് സമര്‍പ്പിച്ച അപേക്ഷ പഠിച്ചു വരികയാണെന്നും സാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."