വള്ളിക്കുന്ന് ബാലാതിരുത്തി ദ്വീപില്‍ 'റെസ്‌പോണ്‍സിബിള്‍ ടൂറിസം' വികസനത്തിന് പദ്ധതി
വള്ളിക്കുന്ന് ബാലാതിരുത്തി ദ്വീപില്‍ 'റെസ്‌പോണ്‍സിബിള്‍ ടൂറിസം' വികസനത്തിന് പദ്ധതി
മലപ്പുറം: വളളിക്കുന്ന് നിയോജക മണ്ഡലത്തിലെ ബാലാതിരുത്തി ദ്വീപില്‍ 'ഉത്തരവാദിത്ത ടൂറിസം' (റെസ്‌പോണ്‍സിബിള്‍ ടൂറിസം) വികസനത്തിനു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. ദ്വീപിലെ 16 വീടുകളില്‍ ഹോംസ്റ്റേ സൗകര്യം, പശ്ചാത്തല സൗകര്യ വികസനം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, നാടന്‍ തോണികള്‍ ഉപയോഗിച്ചുള്ള തോണിയാത്രാ സൗകര്യം എന്നിവയ്ക്കുള്ള പദ്ധതിയാണ് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.ടി.പി.സി ജനറല്‍ബോഡി യോഗം അംഗീകരിച്ചത്.
ആഢ്യന്‍പാറയില്‍ 1,20,000 രൂപ ചെലവില്‍ റെയിന്‍ഹട്ട് നിര്‍മിക്കുകയും ആളുകള്‍ക്കു കുളിക്കുന്നതിനായി മൂന്ന് ഇഞ്ച് എച്ച്.ഡി. പൈപ്പ് ഉപയോഗിച്ച് ഷവര്‍ സൗകര്യം ഒരുക്കുകയും ചെയ്യും. ഇതിന് 3.37 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം നല്‍കി. ഇവിടെ വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. പടിഞ്ഞാറേക്കര ബീച്ചില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കുകളിലെ കളിയുപകരണങ്ങള്‍ റിപ്പയര്‍ ചെയ്യും. പുറത്തൂര്‍ ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് ഇവിടെ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കും. പടിഞ്ഞാറേക്കര ബീച്ചില്‍ 21, 22 തിയതികളില്‍ ബീച്ച് ഫുട്‌ബോള്‍ മത്സരം നടത്തും.
കുറ്റിപ്പുറം നിളയോരം പാര്‍ക്കിനോടനുബന്ധിച്ച് പുഴ സംരക്ഷണവും ബാംബൂ ഗാര്‍ഡനും ലക്ഷ്യംവച്ച് 19 ഏക്കര്‍ സ്ഥലത്ത് ഒരുക്കുന്ന പുനര്‍ജനി പദ്ധതിയില്‍ 3.8 ലക്ഷം ചെലവില്‍ ബാംബു ഗാര്‍ഡനും ഫെന്‍സിങും ഇരിപ്പിട സൗകര്യവും ഒരുക്കും. പദ്ധതിക്കായി 20 തരത്തിലുള്ള 950 മുളകള്‍ വാങ്ങും. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും കടകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്യും. കോട്ടക്കുന്നില്‍ ചരിത്രവും വിനോദ കേന്ദ്രങ്ങളും അടയാളപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കും.
സിവില്‍ സ്റ്റേഷന്റെ ചരിത്രം പറയുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഇവിടെ ഉപയോഗ ശൂന്യമായി കിടക്കുന്ന വെടിയുണ്ട സൂക്ഷിച്ച കെട്ടിടം അറ്റകുറ്റപണി നടത്തി സംരക്ഷിക്കുകയും ചെയ്യും. ജില്ലയിലെ ടൂറിസം പ്രകൃതി ദൃശ്യങ്ങളും കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന് അവാര്‍ഡ് നല്‍കും.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."