ബേക്കറികളില്‍ പരിശോധന; 1.60 ലക്ഷം രൂപ പിഴയിട്ടു
മലപ്പുറം: ജില്ലയിലെ ബേക്കറികളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1.60 ലക്ഷം രൂപ പിഴയിട്ടു. ക്രിസ്മസ്, പുതുവത്സരം എന്നിവയ്ക്കു മുന്നോടിയായി ഡിസംബര്‍ 10 മുതല്‍ 22 വരെയാണ് ബേക്കറി യൂനിറ്റുകളും വിപണന കേന്ദ്രങ്ങളും പരിശോധിച്ചത്.
25 സ്ഥാപനങ്ങളില്‍നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്. 250 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 87 എണ്ണത്തിനു നോട്ടീസ് നല്‍കുകയും എട്ടിടങ്ങളില്നിന്നു പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള വസ്തുക്കള്‍ ചേര്‍ക്കുക, കൃത്രിമ നിറം ധാരാളമായി ചേര്‍ക്കുക, വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മാണം നടത്തുക എന്നിവയ്ക്കാണ് പിഴ ഈടാക്കിയത്.
തൃശൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ വി.കെ പ്രദീപ് കുമാര്‍, കോഴിക്കോട് അസി. കമ്മിഷനര്‍ പി.കെ എലിയമ്മ, ചാലക്കുടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.യു ഉദയശങ്കര്‍ എന്നിവരുടെ കീഴില്‍ മൂന്നു വിഭാഗങ്ങളായാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ അര്‍ഷിദ ബഷീര്‍, എ. സരിത, അരുണ്‍ പി. കാര്യാട്ട്, എസ്. റാണി മോണിക, രേഖ മോഹന്‍, മിന്‍സി ടി. പോള്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."