യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം അറസ്റ്റില്‍
മലപ്പുറം: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയില്‍ സംഘത്തിലെ അഞ്ചുപേരെ മലപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ചക്കിങ്ങത്തൊടി അബ്ദുല്‍ റഷീദ് (39), പണ്ടാരത്തൊടി സജാദ് (27), പറമ്പന്‍ അബ്ദുല്‍ സമദ് (30), ഓലപുലാന്‍ സക്കീര്‍ (28), കോപിലാക്കല്‍ സൈതലവി (43) എന്നിവരാണ് അറസ്റ്റിലായത്. വേങ്ങര ചേറൂര്‍ കരിമ്പില്‍ വീട്ടില്‍ അബ്ദുല്‍ മുനീറി(26) നെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും കാര്‍ തട്ടിയെടുക്കുകയും 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തുവെന്നതാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
വേങ്ങര അങ്ങാടിയില്‍ നിന്നാണ് മുനീറിനെ സംഘം തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന കാറും മൊബൈലും തട്ടിയെടുക്കുകയും ചട്ടിപ്പറമ്പിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ തടവില്‍ വെക്കുകയും മാരകമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
മുനീറിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. വേങ്ങര പൊലിസിനാണ് യുവാവിനെ തടഞ്ഞുവച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നു മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മലപ്പുറം സി.ഐ എ പ്രേംജിത്ത്, വേങ്ങര എസ്.ഐ അബ്ദുല്‍ ഹക്കീം എന്നിവര്‍ നടത്തിയ നാടകീയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
പൊലിസിന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ ആവശ്യപ്പെട്ട തുക നല്‍കാമെന്ന് സമ്മതിക്കുകയും ഇതിനായി മലപ്പുറം കാവുങ്ങല്‍ ബൈപ്പാസില്‍ എത്താമെന്നും ഉറപ്പുനല്‍കി. തുടര്‍ന്നു പൊലിസുദ്യോഗസ്ഥര്‍ മഫ്തിയില്‍ മുനീറിന്റെ ഭാര്യയെ അനുഗമിക്കുകയും പ്രതികള്‍ എത്തിയതോടെ പിടികൂടുകയുമായിരുന്നു.
പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികളുപയോഗിച്ച ഒരു കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി ഫൈസല്‍, വേങ്ങര സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പരാതിക്കാരനായ മുനീറിനൊപ്പം കാറുമായി കടന്നുകളഞ്ഞിരുന്നു. മുനീറിനെ സംഘം മര്‍ദിച്ച് അവശനാക്കി വ്യാഴാഴ്ച പുലര്‍ച്ചെ മലപ്പുറം കോട്ടപ്പടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പരുക്കുകളോടെ ഇദ്ദേഹം മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മുഖ്യസൂത്രധാരനുള്‍പ്പെടെ ഇനിയും പിടിയിലാകാനുണ്ടെന്ന് ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ ഇന്നലെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികളും പരാതിക്കാരനും വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് വിവരം. മലപ്പുറം ജൂനിയര്‍ എസ്.ഐ ബിജു, എ.എസ്.ഐമാരായ സാബുലാല്‍, ലത്തീഫ് എസ്.സി.പി.ഒ രജീന്ദ്രന്‍, സി.പി.ഒ അനീഷ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."