കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റ്; സൂപ്പര്‍വൈസര്‍ അറസ്റ്റില്‍
തൊടുപുഴ: ചിന്നക്കനാലിനു സമീപം തച്ചങ്കരി എസ്റ്റേറ്റ് കവാടത്തില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് എസ്റ്റേറ്റില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയില്‍ കുരുങ്ങിയ നിലയില്‍ 11 വയസ്സിലധികം പ്രായമുള്ള പിടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത്.
സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ പാറത്തോട് മേത്തുരുത്തില്‍ ഷിജോയെ (34) വനം വകുപ്പ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എസ്റ്റേറ്റ് ഉടമ ടിസന് തച്ചങ്കരിക്കെതിരേയും വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരിയുടെ സഹോദരനാണ് ടിസന് തച്ചങ്കരി.
കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
സോളാര്‍ സംവിധാനത്തില്‍നിന്നുള്ള ഡി.സി വൈദ്യുതിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുമ്പ് വേലിയില്‍ കൂടി ഉയര്‍ന്ന തോതിലുള്ള എ.സി വൈദ്യുതി കടത്തിവിട്ടതാണ് കാട്ടാനക്ക് വൈദ്യുതാഘാതമേല്ക്കാന് കാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
വനംവകുപ്പ് സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.അബ്ദുല്‍ ഫത്തഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ജഡം സമീപത്തെ വനമേഖലയില്‍ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് മൂന്നാര്‍ ഡി.എഫ്.ഒക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."