അപകടരക്ഷാ സംവിധാനം ഉറപ്പാക്കാന്‍ ഐ.എം.എ
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള പൊലിസിന്റേയും ഡോ. രമേശ്കുമാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംസ്ഥാനത്ത് നടത്തിവരുന്ന ട്രോമ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഐ.എം.എ ട്രോമകെയര്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് എവിടെയും അപകടമോ അത്യാഹിതമോ ഉണ്ടായാല്‍ 91 88 100 100 നമ്പരില്‍ വിളിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കകം പരിശീലനം നേടിയ ജീവനക്കാരുള്ള ആബുലന്‍സ് എത്തിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി വഴി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 1000 ത്തിലധികം പേരുടെ ജീവനുകളാണ് രക്ഷപ്പെടുത്തിയത്. 14 ജില്ലകളിലും അപകടം നടന്നാല്‍ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ എത്തിക്കുന്ന വിപുലമായ ശൃംഖല ഐ.എം.എയുടെ നേതൃത്വത്തില്‍ ഇതിനകം രൂപീകരിച്ചുകഴിഞ്ഞു.
കൂടാതെ 24 മണിക്കൂറും ആംബുലന്‍സും അത്യാഹിത വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്താന്‍ താലൂക്ക് അടിസ്ഥാനത്തില്‍ ട്രോമ ലീഡ് സെന്ററുകളായി ആശുപത്രികളെയും ഇനിനകം വിന്യസിച്ചിട്ടുണ്ട്.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതന്‍, വൈസ് പ്രസിഡന്റ് ഡോ. എന്‍.എസ്.ഡി രാജു, സ്റ്റേറ്റ് സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, സ്റ്റേറ്റ് ട്രഷറര്‍ ഡോ. റോയി ആര്‍. ചന്ദ്രന്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, കണ്‍വീനര്‍ ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. എ. രാമലിംഗം, ഡോ. എം. ഭാസ്‌കരന്‍, ഡോ. ജി. വിജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."