പരിസ്ഥിതി അഭയാര്‍ഥികളെ രക്ഷിക്കാന്‍ ആരുണ്ട്?
ഏഴു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ പാരിസ്ഥിതികാവസ്ഥയെ കുറിച്ചു പറയാന്‍ പ്രയാസമാണ്. ആഗോളതലത്തില്‍ തന്നെ പരിസ്ഥിതി ഒരു പ്രധാന വിഷയമാകുന്നത് 1970കള്‍ മുതലാണ്. അതിനുമുന്‍പ് പ്രകൃതിവിഭവങ്ങള്‍ അനന്തമാണെന്ന ധാരണയാണു ശാസ്ത്ര സാങ്കേതികവിദ്യകള്‍ മനുഷ്യനു നല്‍കിയിരുന്നത്. അതിന് ഉടക്ക് തട്ടുന്നതു പാശ്ചാത്യ ശാസ്ത്രജ്ഞര്‍ തന്നെ ഇക്കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തി 'വളര്‍ച്ചയ്ക്കുള്ള പരിമിതി' എന്ന രേഖ പ്രസിദ്ധീകരിച്ചതോടെയാണ്. 1972ലെ സ്റ്റോക്‌ഹോം സമ്മേളനത്തോടെ പരിസ്ഥിതി ഒരു ആഗോള അജന്‍ഡയായി മാറി.
എന്നാല്‍ സ്വാതന്ത്ര്യ സമരകാലത്ത് തന്നെ ഗാന്ധിജിയും മറ്റും ഉയര്‍ത്തിയ ആശങ്കകള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഭരണഭാരമേറ്റ കോണ്‍ഗ്രസിനും നെഹ്‌റുവിനും ഉണ്ടായിരുന്നില്ല. അണക്കെട്ടുകള്‍ ആധുനിക ദേവാലയങ്ങളാണെന്നുവരെ നെഹ്‌റു പറഞ്ഞുവച്ചു. പക്ഷെ ഭക്രാ നംഗല്‍ അണക്കെട്ടിന്റെ പണി തീര്‍ന്നപ്പോഴേക്കും അതു സൃഷ്ടിച്ച ദുരന്തങ്ങളില്‍ അദ്ദേഹം തന്നെ ഒരു സംശയാലുവായി മാറിയെങ്കിലും നയങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടര്‍ന്നു. സ്റ്റോക്‌ഹോമില്‍ പ്രതിനിധിയായിരുന്ന ഇന്ദിരാഗാന്ധി നമ്മുടെ നയങ്ങള്‍ പഴയതുപോലെ തുടരാന്‍ കഴിയില്ലെന്ന നിലപാടിലെത്തി.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ വച്ചുതന്നെ ഇന്ത്യയും വനം, വായു, ജലം തുടങ്ങിയവ സംരക്ഷിക്കാനുള്ള നിയമങ്ങളുണ്ടാക്കി. പക്ഷെ അവയൊന്നും ഫലപ്രദമായി നടപ്പാക്കപ്പെട്ടിരുന്നില്ല. കാരണം ഈ നിയമങ്ങളൊന്നും സമൂഹത്തിന്റെ ധാരണയില്‍നിന്നു രൂപപ്പെട്ടവയായിരുന്നില്ല. വികസനവും പരിസ്ഥിതിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറച്ചെങ്കിലും ഉയര്‍ന്നുവന്ന ഒന്നായിരുന്നു കേരളത്തിലെ സൈലന്റ് വാലി സംവാദം. ഏതാണ്ടെല്ലാ കക്ഷികളും നേതാക്കളും (അത്യപൂര്‍വം ചിലരൊഴികെ) വനം നശിച്ചാലും വൈദ്യുതി ഉണ്ടാക്കാന്‍ നിലയവും അണക്കെട്ടും അവിടെ സ്ഥാപിക്കണമെന്നു ശക്തിയായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഏതാണ്ട് ഒറ്റയ്ക്കു പ്രധാനമന്ത്രി എന്ന അധികാരം ഉപയോഗിച്ച് ഇന്ദിരാഗാന്ധി എടുത്ത നിലപാടാണ് ആ വനത്തെ ഇന്നു സംരക്ഷിച്ചുനിര്‍ത്താന്‍ കാരണമായത്.
1986ലാണ് ഇന്നു നാം കാണുന്ന സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ തുടക്കം. അതിലും തദ്ദേശീയമായ ആവശ്യമെന്നതിനപ്പുറം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കാണു മുന്‍ഗണന ലഭിച്ചത്. പിന്നീട് നാം കാണുന്നത് ഒട്ടനവധി പാരിസ്ഥിതിക സംരക്ഷണ നിയമങ്ങള്‍ ഉണ്ടാകുന്നതാണ്. ഇതില്‍ കോടതികളും ചെറുതല്ലാത്ത പങ്കുവഹിച്ചു. ആഗോളചലനങ്ങള്‍ തൊട്ടറിയുന്ന നിരവധി സന്നദ്ധസംഘടനകളും അതില്‍ പങ്കാളികളായിരുന്നു. തീരദേശ സംരക്ഷണം, ഇറാനിലെ റാംസാറില്‍ നടന്ന തണ്ണീര്‍ത്തട സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍, പാരിസ്ഥിതിക ആഘാതപഠനം, പൊതു തെളിവെടുപ്പ്, ഒപ്പം 73-74 ഭരണഘടനാ ഭേദഗതികള്‍ വഴി തദ്ദേശസ്ഥാപനങ്ങള്‍ക്കു കിട്ടിയ അധികാരങ്ങള്‍, നഗരമാലിന്യ നിയമങ്ങള്‍, അതില്‍ തന്നെ ആശുപത്രി മാലിന്യങ്ങള്‍, അപകടകരമായ മാലിന്യങ്ങള്‍ തുടങ്ങിയവയുടെ സംസ്‌കരണ നിയമങ്ങള്‍ അങ്ങനെ പലതും വന്നു.
ഒട്ടനവധി കേസുകളില്‍ സുപ്രിംകോടതിയും പല ഹൈക്കോടതികളും ഇടപെടാന്‍ ശ്രമിച്ചു. പരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഗ്രീന്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കപ്പെട്ടു. അതിനെക്കാളെല്ലാം ഫലപ്രദമായി രാജ്യത്തിന്റെ പല ഭാഗത്തുമുള്ള ജനകീയ സമരങ്ങള്‍ വഴി ഇവ കുറെയെങ്കിലും നടപ്പാക്കാന്‍ സമ്മര്‍ദമുണ്ടായി. പക്ഷെ 1990കള്‍ മുതല്‍ ആരംഭിച്ച മൂലധന ഉദാരീകരണംമൂലം എല്ലാം ഒരു പരിധിവരെ കടലാസില്‍ മാത്രം ഒതുങ്ങി. മാറിമാറി വന്ന ഭരണകര്‍ത്താക്കളെല്ലാം പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കുന്നതിനെതിരായിരുന്നു. പ്രകൃതിവിഭവ കൊള്ള ലക്ഷ്യമാക്കി എത്തുന്ന കോര്‍പറേറ്റുകള്‍ക്ക് അവസരമൊരുക്കുന്നതില്‍ അവര്‍ മത്സരിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി തയാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അവസ്ഥ നാം കണ്ടു. ഖനനം, വന്‍കിട അണക്കെട്ടുകള്‍, അതിവേഗപാതകള്‍, സ്മാര്‍ട്ട് നഗരങ്ങള്‍, ആണവനിലയങ്ങള്‍, സ്വകാര്യ മേഖലയിലെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ വികസനപദ്ധതികള്‍ക്കു വേണ്ടി കൃഷിഭൂമികളും വനവും ജലസ്രോതസുകളും മറ്റും നശിപ്പിക്കുന്നതിനു സര്‍ക്കാരുകള്‍ കൂട്ടുനിന്നു.
കാലം ചെല്ലുന്തോറും ഭരണകൂടങ്ങളുടെ പരിസ്ഥിതി സംരക്ഷണ പ്രസംഗങ്ങള്‍ മാത്രം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നയപരിപാടികളെല്ലാം അതിനെതിരും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മറ്റു ജനാധിപത്യ വിരുദ്ധ നടപടികളുടെ തുടര്‍ച്ചയെന്നോണം പ്രകൃതിക്കുമേലുള്ള ഹിംസയുടെ തോതും അതിവേഗം ഉയര്‍ന്നു. മനുഷ്യരോടു മാത്രമല്ല പ്രകൃതിയിലെ മുഴുവന്‍ സസ്യജീവജാലങ്ങളോടും അവരുടെയൊക്കെ വരുംതലമുറകളോടും ഹിംസാത്മക സമീപനമാണു പുതിയ സര്‍ക്കാരിനുള്ളത്.
ദേശീയ-അന്തര്‍ദേശീയ കുത്തകകള്‍ക്കു വേണ്ടി ഏതു നിയമവും ഭേദഗതി ചെയ്യാന്‍ അധികാരികള്‍ തയാറാകുന്നു. 1986ലെ അടിസ്ഥാന പരിസ്ഥിതി സംരക്ഷണ നിയമം, പാരിസ്ഥിതിക ആഘാതനിയമം, ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമം, ഖനന നിയന്ത്രണ നിയമം, ആദിവാസികളുടെ വനാവകാശങ്ങള്‍ സംബന്ധിച്ച നിയമം, തീരദേശ സംരക്ഷണ നിയമം തുടങ്ങിയവയെല്ലാം വെള്ളം ചേര്‍ത്തു നിഷ്പ്രഭമാക്കാനുള്ള നടപടികള്‍ ആസൂത്രിതമായി നടക്കുകയാണ്. പരിസ്ഥിതിനിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ വേണ്ടി ചന്ദ്രശേഖരന്‍ എന്ന ഒരു മുന്‍ ഉദ്യോഗസ്ഥനെ നിയമിച്ചത് ഇതിന്റെ ഭാഗമായിരുന്നു. നിയമങ്ങളുടെ അപര്യാപ്തതയല്ല, മറിച്ച് ഭരണകൂടങ്ങളുടെ താല്‍പര്യങ്ങളാണ് പാരിസ്ഥിതിക സംരക്ഷണത്തിനു തടസമാകുന്നത് എന്നര്‍ഥം. പൊതുവെ ഒട്ടുമിക്ക കക്ഷികളിലും ചില നേതാക്കള്‍ പരിസ്ഥിതി സംരക്ഷകരായി ഉണ്ടെങ്കിലും പാര്‍ട്ടിനയങ്ങള്‍ മറിച്ചായതിനാല്‍ അവരുടെ ഇടപെടല്‍ അത്ര ഫലപ്രദമാകാറില്ല.
ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരേ ജീവന്മരണ പോരാട്ടത്തിലാണ് മേധാപട്കറും സംഘവും. ആ സമരത്തോട് കേന്ദ്രസര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകളും സ്വീകരിക്കുന്ന സമീപനം വ്യക്തമാണ്. അതുകൊണ്ടു തന്നെ സവര്‍ണ ഫാസിസത്തിനെതിരായ സമരങ്ങളില്‍ ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്ന പാരിസ്ഥിതിക അഭയാര്‍ഥികളുടെ പങ്കും നിര്‍ണായകമാണ്.
(പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."