വിദ്യാര്‍ഥി സംഘടനകളില്‍ മറ്റൊരാള്‍ പാടില്ലെന്ന ചിന്ത ഗൗരവതരം: കാനം
കണ്ണൂര്‍: നമ്മളല്ലാതെ മറ്റൊരാള്‍ പാടില്ലെന്ന ചിന്ത വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഗൗരവമായി കാണണമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതു വിദ്യാര്‍ഥി സംഘടനാ പ്രശ്‌നങ്ങളില്‍ ഇതു നിഴലിച്ചു കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് എസ്.എഫ്.ഐക്കെതിരേ കാനത്തിന്റെ ഒളിയമ്പ്.
ഭരണകൂടങ്ങള്‍ക്കെതിരേ വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ പറ്റുന്നുണ്ടോയെന്നു സംശയമാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും അപ്രസക്തമാകുന്ന ഭരണകൂടമാണു കേന്ദ്രത്തിലുള്ളത്. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ മാറ്റി സവര്‍ണ ഹിന്ദു നേതാക്കളെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതു പുരോഗമനപരമായ ആശയങ്ങളെ തകര്‍ക്കാനാണ്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അവരെ നിയന്ത്രിക്കാതെ നമ്മുടെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കാനാവില്ലെന്നും കാനം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് വി. വിനില്‍ അധ്യക്ഷനായി. മന്ത്രി പി. തിലോത്തമന്‍, കെ. രാജന്‍ എം.എല്‍.എ, സി.എന്‍ ചന്ദ്രന്‍, പി. സന്തോഷ് കുമാര്‍, മഹേഷ് കക്കത്ത്, സി.പി ഷൈജന്‍, കെ.പി സന്ദീപ്, ആര്‍. സജിലാല്‍, ശുഭേഷ് സുധാകരന്‍, എം. അഗേഷ് സംസാരിച്ചു. സമ്മേളനത്തിനു തുടക്കംകുറിച്ച് നഗരത്തില്‍ വിദ്യാര്‍ഥി റാലിയും നടന്നു.
ഇന്ന് റബ്‌കോ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് 'ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവി' എന്ന വിഷയത്തിലുള്ള സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനം 14നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."