വിള ഇന്‍ഷുറന്‍സ്: കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ കര്‍ഷകരുടെ 1011 കോടി
കോഴിക്കോട്: വിലസ്ഥിരതാ ഫണ്ട് നിര്‍ത്തലാക്കിയതുവഴി കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ എത്തിച്ചേര്‍ന്നത് കര്‍ഷകരുടെ 1011 കോടിയാണെങ്കില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയപ്പോള്‍ സ്വകാര്യ കമ്പനിയുടെ കൈവശം എത്തിയത് 20,785 കോടി രൂപ. 2016 വിളവെടുപ്പ് കാലത്ത് വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്ന സ്വകാര്യ കമ്പനിയുടെ അക്കൗണ്ടില്‍ പ്രീമിയം ഇനമായി എത്തിയത് 21,500 കോടി രൂപയാണ്. ഈ കാലയളവില്‍ കര്‍ഷകരില്‍ നിന്നും 4270 കോടിക്കാണ് ക്ലെയിം വന്നത്.
ഇതില്‍ 714.14 കോടി രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ വിതരണം ചെയ്തത്. അതായത് മൊത്തം പ്രീമിയം തുകയുടെ 96.69 ശതമാനമായ 20,785 കോടി രൂപ ഇപ്പോഴും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭമായി അവരുടെ അക്കൗണ്ടില്‍ കിടക്കുകയാണ്.
വിലത്തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വില സ്ഥിരതാ ഫണ്ട് നിര്‍ത്തലാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ കര്‍ഷകരുടെ 1011.69 കോടി രൂപയാണ് ബാക്കിയായത്. അത് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പക്കലാണെങ്കില്‍ ഇപ്പോള്‍ കര്‍ഷകരുടെ പേരിലുള്ള പണം ലാഭമാക്കി മാറ്റിയിരിക്കുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ്.
2003 ഏപ്രില്‍ ഒന്നിന് ആരംഭിച്ച വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് ഇതുവരെ വിതരണം ചെയ്തത് 24,71,000 രൂപ മാത്രമാണെന്ന് റബര്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാകുന്നുണ്ട്. ഇതുവരെ ഗുണഭോക്താക്കളായ 5482 കര്‍ഷകര്‍ക്ക് മാത്രമാണ് വിലസ്ഥിരതാ ഫണ്ടിന്റെ ആനുകൂല്യം ലഭിച്ചത്. ഇതു കണക്കാക്കിയാല്‍ ഇനി വിലസ്ഥിരതാഫണ്ടില്‍ ബാക്കിയുള്ളത് 1011.69 കോടി രൂപയാണ്. ഈ ബാക്കി തുക കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് മാത്രം മതിയെന്നിരിക്കെയാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
റബര്‍, കാപ്പി, തേയില എന്നീ കാര്‍ഷകോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച നേരിടാനും പ്രതിസന്ധിയില്‍ കര്‍ഷകരെ സംരക്ഷിക്കാനുമായി വാജ്‌പേയ് സര്‍ക്കാരാണ് കേന്ദ്ര വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചത്. 10 വര്‍ഷമായിരുന്ന പ്രഥമഘട്ടം 2013 മാര്‍ച്ച് ഒന്നിന് അവസാനിച്ചു. പിന്നീട് ആറു മാസത്തേക്ക് നീട്ടി. 2013 സെപ്റ്റംബര്‍ 30ന് യു.പി.എ സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതി നിര്‍ത്തലാക്കിയെങ്കിലും കര്‍ഷകന് വിതരണം ചെയ്യാതെ പദ്ധതി തുകയും ബാക്കിയും പലിശയും കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പക്കലുണ്ട്.
വിലസ്ഥിരതാ ഫണ്ട് അസാനിപ്പിച്ചാണ് വിള ഇന്‍ഷുറന്‍സും അത് പിന്നീട് വിള ഇന്‍ഷുറന്‍സുമായി മാറിയത്. കാലാവസ്ഥാ വ്യതിയാനം കീടങ്ങളുടെ ആക്രമണം, ഉല്‍പ്പാദനക്കുറവ്, വിലയിടിവ് എന്നിവ മൂലം വരുമാന നഷ്ടം ഉണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുക എന്നതായിരുന്നു തോട്ടവിളകളുടെ ഇന്‍ഷുറന്‍സ് പദ്ധതി ലക്ഷ്യമിട്ടത്. രണ്ടു വര്‍ഷത്തേക്കായിരുന്നു പൈലറ്റ് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 75 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 15 ശതമാനവും കൃഷിക്കാര്‍ 10 ശതമാനവുമാണ് അടയ്‌ക്കേണ്ടത്.
പദ്ധതി നടപ്പിലാക്കുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായതിനാല്‍ കര്‍ഷകരുടെ പണം കൊണ്ടുള്ള ലാഭം ഇത്തരം കമ്പനികള്‍ക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഇതു സംബന്ധിച്ചുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."