വനിതാ മതില്‍: ചവറ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ തമ്മില്‍ ഏറ്റുമുട്ടി
ചവറ: വനിതാ മതില്‍ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ചവറ പഞ്ചായത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ചെറിയ കൈയേറ്റവും നടന്നു. ഇന്നലെ രാവിലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനിടയിലാണ് പ്രക്ഷുബ്ധമായ രംഗങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞ 22ന് വനിതാ മതിലിന്റെ സംഘാടക സമതി രൂപീകരണത്തില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം കൂടാതെ വനിതാ മതിലിനു വേണ്ടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ വിട്ടു കൊടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കമ്മിറ്റിയുമായി ആലോചിക്കാതെ ഹാള്‍ വിട്ടു നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് യോഗത്തില്‍ വ്യക്തമാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വനിതാ മതിലുമായി ബന്ധപ്പെട്ട് സെക്രട്ടറി ഏകപക്ഷീയമായ തീരുമാനമെടുത്തു എന്നാരോപിച്ച് യു.ഡി.എഫ് അംഗം യോഹന്നാന്‍ പ്രശ്‌നം പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര നോട്ടിസ് നല്‍കി. എന്നാല്‍ ഈ വിഷയം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ശബദ്മുയര്‍ത്തിയതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. അധ്യക്ഷ ഇടപെട്ട് അംഗങ്ങള്‍ സംയമനം പാലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ബഹളം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ലളിത പഞ്ചായത്ത് കമ്മിറ്റി നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിച്ചു വിട്ടു. പഞ്ചായത്തില്‍ സെക്രട്ടറിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റിനോടും പോലും ചോദിക്കാതെയാണ് ഹാള്‍ വനിതാ മതിലുമായി ബന്ധപ്പെട്ട് വിട്ട് നല്‍കിയതെന്നും ഇതിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."