കര്‍ഷക ഫെഡറേഷന്‍ ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും
കട്ടപ്പന: കര്‍ഷക ദിനം കരിദിനമായി ആചരിക്കാന്‍ കര്‍ഷക ഫെഡറേഷന്റെ അടിയന്തിര യോഗം തീരുമാനിച്ചതായി പ്രസിഡന്റ് വൈ.സി സ്റ്റീഫന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കടക്കെണിയിലായ നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും കര്‍ഷക സംരക്ഷണത്തിന് ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദ്രോഹനടപടികളില്‍ പ്രതിഷേധിച്ചാണ് ചിങ്ങം ഒന്നിന് കരിദിനം ആചരിക്കുന്നത്.
കുരുമുളക്, ഏലം, നാളികേരം, റബര്‍, കാപ്പി, കൊക്കോ, തേയില തുടങ്ങിയ ഭക്ഷ്യ നാണ്യ പാനീയ വിളകളുടെ വില അടിക്കടി കുറയുമ്പോള്‍ ഇറക്കുമതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണ്. കര്‍ഷകരില്‍നിന്നും പിരിച്ചെടുത്ത 15000 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഖജനാവില്‍ ഉണ്ടായിട്ടും കഴിഞ്ഞ മൂന്നു വര്‍ഷമായി സബ്‌സിഡിയായി ഒരു രൂപപോലും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. സബ്‌സിഡി ചോദിച്ച കര്‍ഷകരെ പാഠം പഠിപ്പിക്കാന്‍ കേരളത്തിലെ മുഴുവന്‍ നാണ്യവിള ബോര്‍ഡുകളും ഒന്നൊന്നായി നിര്‍ത്തലാക്കുന്നത് കടുത്ത കര്‍ഷക ദ്രോഹമാണ്. ജി. എസ്. ടി നടപ്പാക്കിയതോടെ 18 ശതമാനം മുതല്‍ 28 ശതമാനം വരെ വര്‍ധനയാണ് ജൈവരാസ വളങ്ങള്‍ക്കുണ്ടായത്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും കേരളത്തിലെ ഭക്ഷ്യമന്ത്രിയുടെ നാക്കിലും മാത്രമാണെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.
ജനറല്‍ സെക്രട്ടറി ഉണ്ണി. എം. തോമസ്, ഷിജോ ഫിലിപ്പ്, പി. എ അഷറഫ്, കെ. വി രാമകൃഷ്ണന്‍, തങ്കച്ചന്‍ കുന്നപ്പള്ളില്‍, ജോബി സ്റ്റീഫന്‍, ബേബി സെബാസ്റ്റ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."