ശ്രീഷ്ണക്ക് കൂട്ടുകാരുടെ സ്‌നേഹഭവനമൊരുങ്ങുന്നു
ആനക്കര: ശ്രീഷ്ണക്ക് തലചായ്ച്ചുറങ്ങാന്‍ കൂട്ടുകാരുടെ സ്‌നേഹ ഭവനമൊരുങ്ങുന്നു. നന്മ നിറഞ്ഞ മനസുകളുടെ ഒത്തുചേരലാകും ഇവരുടെ കൊച്ചുവീട്. നിത്യരോഗിയായ പുഷ്പലതയും മകള്‍ ശ്രീഷ്ണയും ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേഞ്ഞ കൂരയിലാണ് താമസിക്കുന്നത്. മണ്ണെണ്ണ വിളക്കിന്റെ തിരിനാളത്തില്‍ പഠനം നടത്തിയിരുന്ന ശ്രീഷ്ണയുടെ കൂരയ്ക്ക് സൗജന്യ വൈദ്യുതിയുമായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും വയറിങ് നടത്താന്‍ കഴിയാത്തതിനാല്‍ അതും ഒഴിവാക്കുകയായിരുന്നു. നെല്ലിക്കാട്ടിരി പെട്ടിക്കടയ്ക്കു സമീപമുള്ള കൂരയില്‍ താമസിക്കുന്ന ശ്രീഷ്ണയുടെ പിതാവ് എട്ട് വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീഷ്ണ. കൂട്ടുകാരിയുടെ ദുരിതജീവിതം മനസിലാക്കിയ സഹപാഠികളാണ് അധ്യാപകരെ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന്, വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രക്ഷാകര്‍തൃസമിതിയോഗം വിളിച്ചുചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. നാട്ടുകാരുടെ കൂടെ സഹായസഹകരണത്തോടെ വീട് നിര്‍മിച്ചുനല്‍കാനുള്ള തയാറെടുപ്പുകളും ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 'കൂട്ടുകാരിക്കൊരുവീട്' എന്ന പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. ഇതിനായി പ്രത്യേക സമിതിയും രൂപവല്‍ക്കരിച്ചു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണകുമാര്‍ ചെയര്‍മാനും പ്രധാനാധ്യാപിക വി.കെ നന്ദിനി കണ്‍വീനറും എം. താഹിര്‍ കോഓര്‍ഡിനേറ്ററുമായ സമിതിയാണ് രൂപവല്‍ക്കരിച്ചത്. തുടര്‍ന്ന്, 'കൂട്ടുകാരിക്കൊരുവീട്' യാഥാര്‍ഥ്യമാക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും കൈകോര്‍ത്തിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."